‘ഇതൊന്നും പ്രോത്സാഹിപ്പിക്കാനാവില്ല’; ലുലു മാളിനെതിരായ ഹര്‍ജി തള്ളി സുപ്രീംകോടതി

‘ഇതൊന്നും പ്രോത്സാഹിപ്പിക്കാനാവില്ല’; ലുലു മാളിനെതിരായ ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : തിരുവനന്തപുരം ലുലു മാളിനെതിരായ ഹര്‍ജി തള്ളി സുപ്രീം കോടതി. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് തിരുവനന്തപുരം ലുലു മാള്‍ പണിതത് എന്ന് ആരോപിച്ച്‌ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ലുലു മാളിനെതിരായ ഹര്‍ജി തള്ളിയത്.

വിവിധ ഘട്ടങ്ങളില്‍ നടന്ന പരിശോധനകള്‍ക്ക് ശേഷം ഉള്ള അനുമതികള്‍ മാളിന് ഉണ്ട് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളില്‍ പൊതു താത്പര്യ ഹര്‍ജി വ്യവസായം അംഗീകരിക്കാനാകില്ല എന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ ചൂണ്ടിക്കാട്ടി.
തീരദേശ പരിപാലന നിയമം ലംഘിച്ച്‌ പണിത മാളിന് ക്രമവിരുദ്ധമായാണ് അനുമതി നല്‍കിയത് എന്നാണ് ഹര്‍ജിക്കാരന്‍ എം കെ സലീമിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അരിജിത്ത് പ്രസാദും, അഭിഭാഷകന്‍ സുവിദത്ത് സുന്ദരവും സുപ്രീംകോടതിയില്‍ വാദിച്ചത്. ആക്കുളം കായല്‍, പാര്‍വതി പുത്തനാര്‍ കനാല്‍ എന്നിവയില്‍ നിന്ന് ചട്ടപ്രകാരം ഉള്ള ദൂരം പാലിക്കാതെയാണ് ലുലു മാള്‍ നിര്‍മിച്ചത് എന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

2.32 ലക്ഷം ചതുരശ്ര മീറ്റര്‍ കെട്ടിടം നിര്‍മിക്കാന്‍ ആണ് ലുലു മാളിന് അനുമതി ലഭിച്ചത്. എന്നാല്‍ ഒന്നര ലക്ഷം ചതുരശ്ര മീറ്ററില്‍ അധികം വലുപ്പമുള്ള നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന പരിസ്ഥിതി അഘാത കമ്മിറ്റിക്ക് അനുവാദം ഇല്ല എന്ന് ആയിരുന്നു ഹര്‍ജിക്കാരന്റെ വാദം. കേന്ദ്ര സര്‍ക്കാര്‍ ആയിരുന്നു അനുമതി നല്‍കേണ്ടിയിരുന്നത് എന്നും എം കെ സലീം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തയ്യാറായില്ല. പല ഘട്ടങ്ങളില്‍ പരിശോധനകള്‍ക്ക് ശേഷം മാളിന് അനുമതി ലഭിച്ചിട്ടുണ്ടല്ലോ എന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ലുലു മാളിന് വേണ്ടി സീനിയര്‍ അഭിഭാഷകരായ മുകുള്‍ റോത്തഗി, വി ഗിരി, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവരാണ് സുപ്രീംകോടതിയില്‍ ഹാജരായത്.