ലോകത്തിന് കാമഭ്രാന്താണെന്ന്‌ സുപ്രീംകോടതി

ന്യൂഡൽഹി: മീനങ്ങാടി പോക്‌സോ കേസിലെ പ്രതിയുടെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. കുട്ടിയുടെ അമ്മ നൽകിയ ഹർജി പരിഗണിച്ച സുപ്രീംകോടതി ബെഞ്ചിലെ ജസ്റ്റിസ് ഹേമന്ത് ഗുപ്‌ത ലോകത്തിന് കാമഭ്രാന്താണെന്ന്‌ അഭിപ്രായപ്പെട്ടു.

പന്ത്രണ്ടുകാരിയെ അമ്മയുടെ സഹോദരൻ പീഡിപ്പിച്ച കേസിലെ പ്രതിക്കാണ് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കുട്ടിയെ മടിയിൽ ഇരുത്തിയശേഷം വിവസ്‌ത്രയാക്കിയെന്നും അശ്ലീല പരാമർശം നടത്തിയെന്നുമാണ് പരാതി. എന്നാൽ, അമ്മാവന്റെ വാത്സല്യപ്രകടനമാണോ നടത്തിയതെന്ന്‌ പരിശോധിക്കണമെന്നാണ്‌ ഹൈക്കോടതി നിരീക്ഷിച്ചത്‌. ഇക്കാര്യം വാദിഭാഗം അഭിഭാഷകൻ ഗൗരവ് അഗർവാൾ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി.കുട്ടി നേരിട്ട പീഡനവും വിശദീകരിച്ചു. അപ്പോഴാണ്‌ ബെഞ്ചിന്റെ പരാമര്‍ശമുണ്ടായത്.

ഹൈക്കോടതി ജഡ്‌ജിയായിരിക്കെ പരിഗണിച്ച പോക്‌സോ കേസിന്റെ കാര്യവും ജസ്റ്റിസ് ഹേമന്ത് ഗുപ്‌ത ചൂണ്ടിക്കാട്ടി. കേസിൽ അതിജീവിതയ്‌ക്ക് സ്വന്തം പിതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായ ലൈംഗിക ആക്രമണം വിവരിച്ചായിരുന്നു പ്രതികരണം.