കാട്ടാനകളെക്കൊണ്ട് തോറ്റ് കർഷകർ; ഒറ്റരാത്രികൊണ്ട് പാടത്ത് പകുതിയോളം നെല്ല് നശിച്ചു

കാട്ടാനകളെക്കൊണ്ട് തോറ്റ് കർഷകർ; ഒറ്റരാത്രികൊണ്ട് പാടത്ത് പകുതിയോളം നെല്ല് നശിച്ചു

കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി കർഷകർ. കർഷകൻ തരിശുഭൂമിയിൽ ചെയ്ത നെൽക്കൃഷി കാട്ടാനക്കൂട്ടം ഒറ്റരാത്രികൊണ്ട് നാമാവശേഷമാക്കി. കാന്തല്ലൂർ വെട്ടുകാട്ടിൽ സെൽജിയുടെ ഒരു ഏക്കറിലെ നെൽക്കൃഷിയാണ് കാട്ടാനക്കൂട്ടം പാടത്തു നടന്നും തിന്നും നശിപ്പിച്ചത്. സമീപത്ത് കാരറ്റ് കൃഷിയും നശിപ്പിച്ചിട്ടുണ്ട്. നല്ല വിളവ് ലഭിക്കാൻ വേണ്ടി വെള്ളവും വളവും മുടങ്ങാതെ നല്ല രീതിയിൽ പരിപാലിച്ചു വരുമ്പോഴാണ് കഴിഞ്ഞദിവസം ഒറ്റരാത്രികൊണ്ട് പാടത്ത് പകുതിയോളം നെല്ല് കാട്ടാനക്കൂട്ടം നശിപ്പിച്ചിരിക്കുന്നത്.

നെൽപാടത്ത് കാട്ടാനകൾ ഇറങ്ങിയത് അറിഞ്ഞ കുടുംബാംഗങ്ങൾ ഓടിക്കാൻ ശ്രമിച്ചെങ്കിലും തിരികെ ആക്രമിക്കാൻ ശ്രമിച്ചതിനാൽ പിൻവാങ്ങുകയായിരുന്നു. തന്റെ അധ്വാനഫലം മുഴുവൻ കാട്ടാനകൾ കൊണ്ടു പോയതിനാൽ ഇനി കൃഷിക്കില്ലെന്നാണ് സെൽജി പറയുന്നത്.  കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹൻദാസ് സ്ഥലം സന്ദർശിച്ച് വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന്  കാന്തല്ലൂർ റേഞ്ചിലെ വനപാലകർ എത്തി പാടം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. പ്രദേശത്ത് കാട്ടാനശല്യം കഴിഞ്ഞ ഒരു മാസമായി തുടരുമ്പോൾ ആന വാച്ചർമാരായി പ്രദേശവാസികളായ പത്തിലേറെ പേരെ വനംവകുപ്പ് നിയമിച്ചിട്ടുണ്ട്.