‘തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല’; ശൈലജയ്ക്ക് മറുപടിയുമായി കെ ടി ജലീൽ

തിരുവനന്തപുരം: കഴിഞ്ഞദിവസം നിയമസഭയിൽ കെ ടി ജലീൽ എംഎൽഎ പ്രസംഗിക്കാനായി എഴുന്നേറ്റപ്പോൾ തന്റെ പ്രസംഗം നിർത്തി ഇരിക്കവേ മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞ ആത്മഗതം വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. ഇയാൾ നമുക്ക് കുഴപ്പമുണ്ടാക്കും എന്ന തരത്തിലുള്ള ആത്മഗതമാണ് ഷൈലജ നടത്തിയത്. തൊട്ടുപിന്നാലെ മൈക്ക് ഓഫ് അല്ലെന്ന കാര്യം തിരിച്ചറിഞ്ഞതോടെ ഷൈലജ ചിരിക്കുകയും ചെയ്തു. ഇതോടെ സാമൂഹ്യ മാധ്യമങ്ങളിൽ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചു.

കെ ടി ജലീലിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഏറെക്കാലമായി സർക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ഉണ്ടായ ശൈലജയുടെ ആത്മഗതം പാർട്ടിക്കുള്ളിൽ ചർച്ചകൾക്ക് വഴിവെച്ചു. അതേസമയം ഇന്ന് നിയമസഭയിൽ കെ ടി ജലീൽ നടത്തിയ പ്രസംഗം അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത് ‘ഇന്ന് നിയമസഭയിൽ. തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല. വിശ്വസിക്കാം. 101 %’ എന്ന അടിക്കുറിപ്പോടെയാണ്. ഇത് കെ കെ ശൈലജയ്ക്കുള്ള മറുപടിയായി പലരും ചൂണ്ടിക്കാട്ടുന്നു.