അച്ഛനും അമ്മയും രണ്ടു പെണ്‍ മക്കളും അടങ്ങുന്നതാണ് കുടുംബം.അമ്മയ്ക്ക് മഞ്ഞപിത്തത്തിന്റെ ലക്ഷണമാണ് എന്ന് പറഞ്ഞാണ് മകള്‍ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് രുഗ്മിണി മരിച്ചത്.ചികിത്സയ്ക്കിടെ ദേഹത്ത് വിഷാംശം ഉള്ളതായി ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയിരുന്നു. പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ഇതിന് പുറമേ അമ്മയെ മകള്‍ കൊന്നതാകാമെന്ന് അച്ഛന്‍ പൊലീസില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ദുലേഖയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്.14 സെന്റ് സ്ഥലവും വീടും തട്ടിയെടുക്കാനാണ് മകള്‍ അമ്മയെ കൊന്നതെന്ന് പൊലീസ് പറയുന്നു. ഇത് പണയം വച്ച് പണം കണ്ടെത്താനായിരുന്നു മകളുടെ പദ്ധതി. ഇന്ദുലേഖയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. മകന് 17 വയസുണ്ട്. മകന്റെ പഠനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി പണത്തിനായി സ്ഥലവും വീടും തന്റെ പേരിലേക്ക് എഴുതി തരണമെന്ന് മകള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ അമ്മ രുഗ്മിണിയുമായി മകള്‍ വഴക്കിട്ടിരുന്നതായും പൊലീസ് പറയുന്നു.മകളെ ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യങ്ങള്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു. അമ്മയെ കൊല്ലാനായി ഗൂഗിളില്‍ തെരഞ്ഞപ്പോഴാണ് വിഷം കൊടുത്തു കൊല്ലാനുള്ള പദ്ധതി ലഭിച്ചതെന്നും പൊലീസ് പറയുന്നു. തന്നെ കൊല്ലാനും മകള്‍ ശ്രമിച്ചതായി അച്ഛന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.