ഇടപ്പള്ളി-മൂവാറ്റുപുഴ റോഡ്: ഖജനാവിന് 75 ലക്ഷം രൂപ നഷ്ടം, അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

കൊച്ചി: ഇടപ്പള്ളി-മൂവാറ്റുപുഴ റോഡിന്റെ ബജറ്റ് വര്‍ക്കിന്റെ പേരില്‍ കരാറുകാരനുമായി ചേര്‍ന്ന് ഖജനാവിന് 75 ലക്ഷം രൂപ നഷ്ടം വരുത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അഞ്ച് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനുമെതിരേ വിജിലന്‍സ് കേസെടുത്തു.

പൊതുമരാമത്ത് വകുപ്പ് ആലുവ സെന്‍ട്രല്‍ സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി.പി. ബെന്നി, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.എസ്. ജയരാജ്, ആലുവ അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ലതാ മങ്കേഷ്, ആലുവ അസി. എന്‍ജിനീയര്‍ മനോജ് കെ.എം., കരാറുകാരന്‍ സുബിന്‍ ജോര്‍ജ്, ആലുവ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എം.ടി. ഷാബു എന്നിവരെ ഒന്നുമുതല്‍ ആറുവരെ പ്രതികളാക്കിയാണ് വിജിലന്‍സ് കേസെടുത്തത്.

2013-14 കാലത്ത് ഇടപ്പള്ളി-മൂവാറ്റുപുഴ റോഡിന്റെ ബജറ്റ് വര്‍ക്കിന്റെ കരാര്‍ ചുമതലക്കാരനായിരുന്നു അഞ്ചാം പ്രതി സുബിന്‍. ഇയാള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനായി ഒന്നുമുതല്‍ നാലുവരെ പ്രതികള്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഗൂഢാലോചന നടത്തിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഈ റോഡ്, ബജറ്റ് വര്‍ക്കില്‍ ഉള്‍പ്പെടുത്തി ടാര്‍ ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെത്തന്നെ, ഇതേ റോഡില്‍ 25 ലക്ഷം രൂപ വീതമുള്ള മറ്റ് മൂന്നു ജോലികള്‍ക്കായി ലിമിറ്റഡ് ടെന്‍ഡര്‍ വിളിക്കുകയും അത് ബജറ്റ് വര്‍ക്ക് കരാറുകാരനായ സുബിനു തന്നെ നല്‍കുകയുമായിരുന്നെന്ന് വിജിലന്‍സ് കണ്ടെത്തി.

ഈ ജോലികള്‍ ചെയ്യാതെ പി.ഡബ്ല്യു.ഡി. ഫയലുകളില്‍ ലിമിറ്റഡ് ടെന്‍ഡര്‍ ജോലികള്‍ ചെയ്തുവെന്ന് രേഖപ്പെടുത്തി കരാറുകാരന് 75 ലക്ഷം രൂപ ലഭിക്കാന്‍ അവസരമൊരുക്കി. ഇതിലൂടെ ഉദ്യോഗസ്ഥരും സാമ്പത്തിക നേട്ടമുണ്ടാക്കി. ഇതുവഴി സര്‍ക്കാരിന് നഷ്ടപ്പെട്ട ഈ 74.99 ലക്ഷം രൂപ തിരികെ പിടിക്കണമെന്ന് 2015 മേയ് 31-ന് സി.എ.ജി. ഓഡിറ്റ്് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. ആ നിര്‍ദേശം നടപ്പിലാക്കാതെ ആറാം പ്രതി എം.ടി. ഷാബു കരാറുകാരനുമായി ചേര്‍ന്ന് ഒത്തുകളിച്ചെന്നും വിജിലന്‍സ് കണ്ടെത്തി.