ഒരു താരവിവാഹത്തിനുകൂടി സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ബോളിവുഡ്. ബോളിവുഡിലെ യുവസൂപ്പർ താരം രൺബീർ കപൂറും യുവനടി ആലിയാ ഭട്ടുമാണ് വിവാഹിതരാവുന്നത്. ഈ മാസം രണ്ടാം വാരത്തിൽത്തന്നെ ഇരുവരും വിവാഹിതരാവുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ആലിയയുടെ രോഗശയ്യയിൽക്കിടക്കുന്ന മുത്തച്ഛൻ ആർ. റാസ്ദാന്റെ ആഗ്രഹപ്രകാരമാണ് വിവാഹം ഈ മാസം തന്നെ നടത്താൻ തീരുമാനിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇരുവരുടേയും അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന ചടങ്ങായിരിക്കും ഉണ്ടാവുകയെന്നും റിപ്പോർട്ടുകളുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ടായിരുന്നു. അയൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയാണ് ഇരുവരും ഒരുമിച്ചഭിനയിച്ച് പുറത്തിറങ്ങാനുള്ള ചിത്രം.