മുണ്ടക്കയത്ത് കാട്ടാനയിറങ്ങി; ഒന്നും രണ്ടുമല്ല, എത്തിയത് പത്തോളം കാട്ടാനകൾ

കോട്ടയം: കോട്ടയം-ഇടുക്കി ജില്ലാ അതിർത്തിയിൽ മുണ്ടക്കയത്ത് കാട്ടാനക്കൂട്ടം എത്തി. പത്തോളം കാട്ടാനകളാണ് മുണ്ടക്കയം ടി ആൻ്റ് ടി എസ്‌റ്റേറ്റിൽ രാവിലെ ഇറങ്ങിയത്

ആനക്കൂട്ടം എസ്റ്റേറ്റിനുള്ളിലെ തേയിലത്തോട്ടത്തിലൂടെ കറങ്ങി നടക്കുകയായിരുന്നു. രണ്ടു മണിക്കൂറോളം സമയം ആനക്കൂട്ടം തോട്ടത്തിൽ കറങ്ങി നടന്നു. ആനക്കൂട്ടത്തെ കണ്ടതോടെ നാട്ടുകാരും ഭീതിയിലായി.

പ്രദേശത്ത് കാട്ടാന ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും പതിവാണെന്നു നാട്ടുകാർ പറയുന്നു. കാട്ടാനകളെ തടയാൻ അടിയന്തരമായി നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുണ്ടക്കയം പ്രദേശത്ത് കാട്ടാനയുടെയും വന്യമൃഗങ്ങളുടെയും ശല്യം അതിരൂക്ഷമാണ്. നാട്ടുകാർ ഇതു സംബന്ധിച്ചു വനം വകുപ്പ് അധികൃതരെ അടക്കം വിവരം അറിയിച്ചിരുന്നു. എന്നാൽ വനം വകുപ്പ് അധികൃതരോ, തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരോ വിഷയത്തിൽ ഇടപെടാനും നടപടിയെടുക്കാനും തയ്യാറാകുന്നില്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇതേ തുടർന്നു നാട്ടുകാർ ചേർന്ന് പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.