തൊടുപുഴ: കിണർ നിർമ്മാണത്തിനിടെ റിംഗ് തലയിൽ വീണ് തൊഴിലാളി മരിച്ചു. ഒളമറ്റം കുന്നുമ്മൽ ശ്രീജിത്ത് (42) ആണ് മരിച്ചത്. തൊടുപുഴ ആനക്കൂട് കവലയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിർമ്മിച്ച കിണറിൽ റിംഗ് ഇറക്കുന്നതിനിടെയാണ് അപകടം.
കിണറിന് പുറത്ത് നിന്ന തൊഴിലാളികൾ പ്ലാസ്റ്റിക് കയറിൽ ഇറക്കിയ റിംഗിന്റെ ഒരു ഭാഗം കിണറിൽ നിന്ന ശ്രീജിത്തിന്റെ തലയിൽ പതിക്കുകയായിരുന്നു. ഫയർ ഫോഴ്സിന്റെ സഹായത്തോടെ ഒപ്പമുണ്ടായിരുന്നവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീജിത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. തൊടുപുഴ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.