സംസ്ഥാനത്തെ ആദ്യ ഹരിത കാരാഗൃഹമായി മൂവാറ്റുപുഴ സബ് ജയില്‍

മൂവാറ്റുപുഴ: സംസ്ഥാനത്തെ ആദ്യ ഹരിത കാരാഗൃഹമായി മൂവാറ്റുപുഴ സബ് ജയില്‍. ഔദ്യോഗിക പ്രഖ്യാപനം നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസിന്റെ അധ്യക്ഷതയില്‍ ഡീന്‍ കുര്യാക്കോസ് എം.പി. നിര്‍വഹിച്ചു.

നഗരസഭയുടെ നേതൃത്വത്തിലാണ് സബ്ജയിലില്‍ ഹരിത വല്‍ക്കരണം നടത്തുന്നത്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എം. അബ്ദുല്‍സലാം, നിസ അഷറഫ്, അജി മുണ്ടട്ട്, പ്രമീള ഗിരീഷ്‌കുമാര്‍ വാര്‍ഡ് കൗണ്‍സിലര്‍ ജിനു ആന്റണി കൗണ്‍സിലര്‍മാരായ കെ.ജി. അനില്‍കുമാര്‍, അസം ബീഗം, പി.എം.സലിം, ജോര്‍ജ് ജോളി മണ്ണൂര്‍, ബിന്ദു ജയന്‍, അമല്‍ ബാബു, നെജില ഷാജി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിന്‍സന്റ് കെ.വി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജയില്‍ വളപ്പില്‍ നടുന്നതിനുളള പച്ചക്കറി തൈകള്‍ ജയില്‍ സൂപ്രണ്ട് എസ്. വിഷ്ണു എം.പിയില്‍ നിന്ന് ഏറ്റുവാങ്ങി. ചീര, കൊത്ത അമരം, മുളക്, കാന്താരി, മുന്തിരി, മുരിങ്ങ, കറിവേപ്പ് തുടങ്ങിയ തൈകളാണ് കൈമാറിയത്. 70 സെന്റ് സ്ഥലത്താണ് മൂവാറ്റുപുഴ സ്‌പെഷ്യല്‍ സബ് ജയില്‍ പ്രവര്‍ത്തിച്ച് വരുന്നത്. നൂറോളം തടവ് പുളളികള്‍ ഇവിടെയുണ്ട്. പ്രതിദിനം 40 കിലോഗ്രാമോളം ജൈവ മാലിന്യങ്ങളാണ് പുറം തളളുന്നത്. ഇതിന് പുറമെ അജൈവ മാലിന്യങ്ങളും ഉണ്ട്. ഇവ സംസ്‌കരിക്കുക എന്നത് വലിയ വെല്ലുവിളി ആയിരുന്നു. ഈ സാഹചര്യത്തിലാണ് നഗരഹരിതവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ജയിലില്‍ പദ്ധതി ആവിഷ്‌കരിച്ചത്. സംസ്ഥാനത്തുതന്നെ ജയില്‍ കേന്ദ്രീകരിച്ച് ആദ്യമായി പദ്ധതി നടപ്പാക്കുന്നത് മൂവാറ്റുപുഴയിലാണ്. സംരക്ഷിത മേഖല എന്ന നിലയില്‍ നഗരസഭ ശുചീകരണ തൊഴിലാളികള്‍ക്കോ മറ്റുള്ളവര്‍ക്കോ ജയില്‍ വളപ്പില്‍ ദൈനംദിനം പ്രവേശിക്കുന്നതിനും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും

തടസ്സങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് ജയിലില്‍ മാത്രമായി പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയത്. ജൈവ മാലിന്യങ്ങള്‍ ജയില്‍ വളപ്പില്‍ തന്നെ സംസ്‌കരിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തി. 60000 രൂപ ചിലവഴിച്ച് ഇതിനായി ബയോ കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചു. ഇതോടൊപ്പം പരിസര പ്രദേശം ഹരിതാഭം ആക്കുന്നതിന് വൃക്ഷത്തൈകള്‍ വച്ച് പിടിപ്പിക്കും. അജൈവ പാഴ് വസ്തുക്കള്‍ എല്ലാ മാസവും ഹരിത കര്‍മ്മ സേന നീക്കം ചെയ്യും. പച്ചക്കറി കൃഷി ജയില്‍ അധികൃതരുടെ നേതൃത്വത്തില്‍ ആരംഭിക്കും. അജൈവ മാലിന്യങ്ങള്‍ വഴി ഉല്‍പ്പാദിപ്പിക്കുന്ന വളം ഈ കൃഷിക്കായി ഉപയോഗിക്കും.