ബാലകേരളവുമായി മുസ്‌ലിം ലീഗ്; കുട്ടികളെ ബാല്യത്തിലെ ലീഗ് രാഷ്ട്രീയം പഠിപ്പിക്കും, ബാലസംഘത്തെ എതിര്‍ക്കലും ലക്ഷ്യം

മലപ്പുറം: പുതുതലമുറയെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നതിന് സിപിഐഎമ്മിന്റെ ബാലസംഘം മാതൃകയില്‍ ബാലകേരളം രൂപീകരിക്കാനൊരുങ്ങി മുസ്ലീം ലീഗ്. അഞ്ചിനും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഈ വിഭാഗത്തിന്റെ ഭാഗമാക്കി രാഷ്ട്രീയവും ധാര്‍മികവുമായ പാഠങ്ങള്‍ നല്‍കുക എന്നാതാണ് ലക്ഷ്യം.

ബാലകേരളത്തിന്റെ യൂണിറ്റ്, പഞ്ചായത്ത്, മണ്ഡലം, ജില്ലാ സംസ്ഥാന കമ്മിറ്റികള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫ് ആരംഭിച്ചു. നവംബറോടെ ബാലകേരളത്തിന്റെ സംഘടനാ സംവിധാനം പൂര്‍ണ തോതില്‍ രൂപീകരിക്കുമെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

'പ്രസംഗം, എഴുത്ത് മത്സരങ്ങള്‍ ഉള്‍പ്പെടെ വിവിധ പരിപാടികളിലൂടെയും വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരിഗണിച്ചും ബാലകേരളത്തിന്റെ നേതാക്കളെ തെരഞ്ഞെടുക്കും. രാഷ്ട്രീയ വിദ്യാഭ്യാസത്തിന് പുറമേ മയക്കുമരുന്ന്, മദ്യം, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകളും കുട്ടികള്‍ക്ക് നല്‍കും. ബാലകേരളം അംഗങ്ങള്‍ക്കായി ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ പേജുകള്‍ പ്രസിദ്ധീകരിക്കും. മുസ്ലീം ലീഗിന്റെ ചരിത്രത്തെക്കുറിച്ച് പഠിക്കാനായി പ്രത്യേക മാഗസിനുകള്‍ അവര്‍ക്ക് നല്‍കും. യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളിലൂടെ വിദ്യാര്‍ത്ഥികളെ ചരിത്രം പഠിപ്പിക്കുകയും ചെയ്യും'. നവാസ് പറഞ്ഞു.

2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളെ കുറിച്ച് നേതൃത്വം പഠനം നടത്തിയിരുന്നു. പിന്നീട് അഞ്ചിനും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികളെ വാര്‍ത്തെടുക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിയുകയായിരുന്നു. ഇതിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ അംഗങ്ങളെ പാര്‍ട്ടിയില്‍ ഉല്‍പ്പെടുത്താന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് നേതൃത്വം.

ഇക്കാലത്ത് ചില വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. വിദ്യാര്‍ത്ഥികളുടെയും ജനങ്ങളുടെയും വിഷയങ്ങളില്‍ ഇവര്‍ താല്‍പ്പര്യം കാണിക്കുന്നില്ല. ബാലകേരളം വിദ്യാര്‍ത്ഥികളില്‍ രാഷ്ട്രീയവും ധാര്‍മികവുമായ മൂല്യങ്ങള്‍ വളര്‍ത്തുമെന്നും എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് പറഞ്ഞു.