ജസ്റ്റിന്‍ ബീബറിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

പോപ്പ് താരം ജസ്റ്റിന്‍ ബീബറിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. അദ്ദേഹത്തിന്റെആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ സംഗീത സദസ്സ് ഉപേക്ഷിച്ചത്.

ലോക സംഗീതപര്യടനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 18 ന് ന്യൂഡല്‍ഹിയില്‍ ബീബര്‍ എത്തുമെന്നായിരുന്നു അറിയിപ്പ്. ഇന്ത്യയെ കൂടാതെ ചിലി, അര്‍ജന്റീന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ബഹ്റൈന്‍, യുഎഇ, ഇസ്രായേല്‍ എന്നീ രാജ്യങ്ങളിലേയും സംഗീത പരിപാടികള്‍ ഗായകന്‍ ഉപേക്ഷിച്ചു.

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടത്താനിരുന്ന 'ജസ്റ്റിന്‍ ബീബര്‍ ജസ്റ്റിസ് വേള്‍ഡ് ടൂര്‍ ഇന്ത്യ' റദ്ദാക്കിയതായി അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. ബീബറിന്റെ ആരോഗ്യപ്രശ്നങ്ങള്‍ കാരണം, അടുത്ത മാസം അദ്ദേഹത്തിന് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഞങ്ങളെ അറിയിച്ചു. ഇന്ത്യയ്ക്കൊപ്പം, ചിലി, അര്‍ജന്റീന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ബഹ്റൈന്‍, യുഎഇ, ഇസ്രായേല്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പരിപാടികളും റദ്ദാക്കി- ബുക്ക്മൈഷോ ട്വീറ്റ് ചെയ്തു.

ഷോയ്ക്കുള്ള പ്രീ ബുക്കിങ് ജൂണ്‍ മാസത്തില്‍ തുടങ്ങിയിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പത്ത് ദിവസത്തിനകം പണം തിരികെ നല്‍കുമെന്നാണ് അറിയിപ്പ്. 43000 ടിക്കറ്റുകളാണ് വില്‍പ്പനയ്ക്ക് ഉണ്ടായിരുന്നത്. 4000 രൂപയായിരുന്നു ടിക്കറ്റ് വില.

റാംസെ ഹണ്ട് സിന്‍ഡ്രോം എന്ന രോഗം ബാധിച്ച വിവരം ബീബര്‍ മാസങ്ങള്‍ക്ക് മുന്‍പ് ആരാധകരെ അറിയിച്ചിരുന്നു. മുഖത്തിന്റെ പാതിഭാഗം നിര്‍ജീവ അവസ്ഥയിലാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. വലതുവശത്തെ കണ്ണ് ചിമ്മാനോ ചുണ്ട് അനക്കാനോ മൂക്ക് വികസിപ്പിക്കാനോ കഴിയുന്നില്ല. രോഗംമാറാന്‍ കുറച്ചുസമയമെടുക്കുമെന്നും അതുവരെയുള്ള പരിപാടികള്‍ റദ്ദാക്കുന്നുവെന്നുമാണ് പറഞ്ഞത്.

നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന അപൂര്‍വരോഗാമാണ് റാംസെ ഹണ്ട് സിന്‍ഡ്രോം. വേരിസെല്ല സോസ്റ്റര്‍ വൈറസാണ് കാരണം. കുട്ടികളില്‍ ചിക്കന്‍പോക്‌സ്, മുതിര്‍ന്നവരില്‍ ഒരുതരംചൊറി തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാക്കുന്നതും ഇതേ വൈറസാണ്. വൈറസ് മുഖത്തെ ചലനങ്ങളെ നിയന്ത്രിക്കുന്ന നാഡികളെ ബാധിക്കുമ്പോഴാണ് റാംസെ ഹണ്ട് സിന്‍ഡ്രോം ആകുന്നത്. മുഖം മരവിക്കുന്നതിന് പുറമേ ചിലരില്‍ ചെവിക്കും വായ്ക്കും ചുറ്റും വേദനയും നീറ്റലുമുള്ള പാടുകള്‍ ഉണ്ടാകാറുണ്ട്. 1907-ല്‍ അമേരിക്കന്‍ നാഡീരോഗ വിദഗ്ധനായ ജെയിംസ് റാംസെ ഹണ്ട് ആണ് ഈ രോഗത്തെക്കുറിച്ച് ആദ്യമായി വിശദീകരിച്ചത്.