വൈദ്യുതി മുടങ്ങി, വെന്റിലേറ്റർ നിലച്ചു; കർണാടകയിലെ ബെല്ലാരി ആശുപത്രിയിൽ രോഗികൾക്ക് ദാരുണാന്ത്യം

ബെംഗളുരു: കര്‍ണാടകയിലെ ബെല്ലാരി സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിത് മൂലം വെന്റിലേറ്ററിലായിരുന്ന രണ്ട് രോഗികള്‍ മരിച്ചു. മൗല ഹുസൈന്‍,ചേതമ്മ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ കര്‍ണാടക ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി.

വിംസ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് രോഗികളാണ് വൈദ്യുതി മുടങ്ങി വെന്റിലേറ്റര്‍ പ്രവര്‍ത്തന രഹിതമായതോടെ മരണപ്പെട്ടത്. രാവിലെ ആറുമണി മുതല്‍ പത്ത് മണിവരെയാണ് ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു പതിനെട്ടുകാരന്‍ മൗല ഹുസൈന്‍. പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു ചേതമ്മ. വൈദ്യുതി മുടങ്ങിയതോടെ ആശുപത്രിയിലുണ്ടായിരുന്ന രോഗികളുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് ശരിയാക്കട്ടെ എന്നായിരുന്നു മറുപടി

എന്നാല്‍ രോഗികളുടെ മരണ കാരണം വൈദ്യുതി മുടങ്ങിയതു മൂലമുണ്ടായ പ്രശനങ്ങള്‍ അല്ലായെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ഇരുവരും അതീവഗുരുതരാവസ്ഥയിലായിരുന്നു മൂലമാണ് മരണം സംഭവിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വെന്റിലേറ്ററിക്ക് പ്രത്യേകം ജനറേറ്റര്‍ സൗകര്യം നല്‍കിയതായും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതേ സമയം വിഷയത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.