ഭാരത് ജോഡോ യാത്രയുടെ പേരില്‍ ഭീഷണിപ്പെടുത്തി പണപ്പിരിവ്; മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി

കൊല്ലം: ഭാരത് ജോഡോ യാത്ര എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസ്സില്‍ പണപ്പിരിവിനെച്ചൊല്ലി വിവാദം. കൊല്ലത്തെ പച്ചക്കറി വ്യാപാരിയില്‍നിന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.

തങ്ങള്‍ ആവശ്യപ്പെട്ട പണം നിര്‍ബന്ധമായും നല്‍കണമെന്നായിരുന്നു ആവശ്യം. ഇത്തരം നടപടികള്‍ ആവാര്‍ത്തിക്കാന്‍ പാടില്ലാത്തതാണെന്നും അസ്വീകാര്യമാണെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് കെ സുധാകരന്‍ ട്വീറ്റ് ചെയ്തു.

പ്രവര്‍ത്തകരും പച്ചക്കറിക്കടയുടെ ഉടമയും തമ്മില്‍നടന്ന വാക്കുതര്‍ക്കത്തിന്റെ വീഡിയോ വൈറലായിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 2000 രൂപയാണ് ആവശ്യപ്പെട്ടത്. 500 രൂപ നല്‍കാന്‍ കടയുടമ തയ്യാറായിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചില്ലെന്നു മാത്രമല്ല, പച്ചക്കറി പുറത്തെറിയുകയും ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എച്ച് അനീഷ് ഖാന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. കടയുടമ എസ് ഫവാസ് കുന്നികോട് പോലിസില്‍ പരാതി നല്‍കി.

ചെറിയ സംഭാവനകളിലൂടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നും എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു.