എഎപിയുടെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍ ബ്യൂറോക്രാറ്റുകളുടെ കത്ത്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ഗുജറാത്തിലെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തതുള്‍പ്പെടെ നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആം ആദ്മി പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ കമ്മീഷന് മുന്‍ ബ്യൂറോക്രാറ്റുകളുടെ കത്ത്.

 ഇതിന് നേതൃത്വം നല്‍കിയ അരവിന്ദ് കെജ്‌രിവാളിനെതിരേയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ കര്‍ണാടക അഡി. ചീഫ് സെക്രട്ടറി എം മദന്‍ ഗോപാല്‍ അടക്കമുള്ള ഉദ്യോഗസ്ഥരാണ് കത്തില്‍ ഒപ്പുവച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് ചിഹ്നങ്ങളുടെ ദുരുപയോഗവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

'രാജ്‌കോട്ടില്‍ കെജ്‌രിവാള്‍ നടത്തിയ വാര്‍ത്താസമ്മേളനം വളരെ തെറ്റായിരുന്നു. ഭരണഘടനയില്‍ വിശ്വസിക്കുന്നവരെ അത് അസ്വസ്ഥരാക്കി. ഇത്തരം വിവാദപ്രസ്താവനകള്‍ മുഖ്യമന്ത്രിയില്‍നിന്ന് പ്രതീക്ഷിക്കുന്നതല്ല. തിരഞ്ഞെടുപ്പിന് മുമ്പ് ആളുകള്‍ക്കിടയില്‍ പ്രചരണം നടത്തുന്നത് ശരിയാണ്. പക്ഷേ, ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തണമെന്നു പറയുന്നത് ശരിയല്ല. നമുക്കൊരു പൊരുപെരുമാറ്റ സംഹിതയുണ്ട്. ഇത് ജനാധിപത്യരീതിയല്ല'- എം മദന്‍ ഗോപാല്‍ പറഞ്ഞു.

മുന്‍കാല ഉദ്യോഗസ്ഥനായ അരവിന്ദ് കെജ്‌രിവാളിന് ഇത് അറിയാത്തതല്ലെന്ന് ഗോപാല്‍ പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികള്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

56 മുന്‍ ഐഎഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.