കോട്ടയം: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന പേവിഷബാധ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയില്‍ പേവിഷബാധയ്‌ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് നിര്‍ബന്ധമാക്കിയതായി ജില്ലാ കലക്ടര്‍ ഡോ.പി കെ ജയശ്രീ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും തങ്ങളുടെ പഞ്ചായത്തിലെ / മുനിസിപ്പാലിറ്റിയിലെ മൃഗാശുപത്രിയുമായി ബന്ധപ്പെട്ടുകൊണ്ട് ഉടമസ്ഥര്‍ സപ്തംബര്‍ 30ന് മുമ്പായി പ്രതിരോധ കുത്തിവയ്‌പ്പെടുക്കണം.
കുത്തിവച്ചതിന്റെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്വന്തം പഞ്ചായത്ത്/ മുനിസിപ്പാലിറ്റിയില്‍നിന്നു വളര്‍ത്ത് നായ്ക്കള്‍ക്ക് ലൈസന്‍സ് എടുക്കാന്‍ വേണ്ട നടപടി നിര്‍ബന്ധമായും സ്വീകരിക്കണം. പേവിഷബാധാ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരുവ് നായ്ക്കളെ പിടികൂടുന്നതിനായി പരിശീലനം ലഭിച്ച നായ്പിടിത്തക്കാര്‍, സന്നദ്ധസംഘടനാപ്രവര്‍ത്തകര്‍ എന്നിവര്‍ തൊട്ടടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.