menu
വൈദ്യുതാഘാതമേറ്റ ഗര്‍ഭിണിക്ക് ചികിത്സ വൈകി ; രണ്ടുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചതായി പരാതി
വൈദ്യുതാഘാതമേറ്റ ഗര്‍ഭിണിക്ക് ചികിത്സ വൈകി ; രണ്ടുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചതായി പരാതി

Advertisement

Flotila

Contact us to Advertise here

ആലപ്പുഴ : വൈദ്യുതാഘാതമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ചികിത്സ വൈകിയതിനെത്തുടർന്ന് രണ്ടുമാസമായ ഗർഭം അലസിയതായി പരാതി.

വെള്ളക്കിണർ പൂപ്പറമ്പില്‍ തൻസീറിന്‍റെ ഭാര്യ നജ്‌ലയ്ക്കാണ് ( 26 ) കഴിഞ്ഞദിവസം രാവിലെ പതിനൊന്നോടെ വാഷിങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റത്. ഉടൻതന്നെ ബീച്ച്‌ വനിതാ-ശിശു ആശുപത്രിയില്‍ എത്തിച്ചെങ്കിലും മതിയായ ചികിത്സ ലഭിക്കാത്തതാണ് ഗർഭസ്ഥ ശിശുവിന്‍റെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 


നജ്ലയെ സ്ഥിരമായി പരിശോധിക്കുന്ന ഡോക്ടർ ഡ്യൂട്ടിയിലില്ലാതിരുന്നതിനാല്‍ വീട്ടിലെത്തി കാണിക്കാനാണ് അത്യാഹിത വിഭാഗത്തിലെ ഡോക്ടർ നിർദേശിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. സ്കാൻ ചെയ്താലേ ശിശുവിന്‍റെ അവസ്ഥ അറിയാനാകൂ എന്നും ഇതിന് ആശുപത്രിയില്‍ സൗകര്യമില്ലെന്നും അധികൃതർ അറിയിച്ചു. ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ചെങ്കിലും കാര്യമായ പരിശോധനകളുണ്ടായില്ല. തുടർന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ച്‌ സ്കാൻ ചെയ്ത ശേഷം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


വൈകിട്ട് മൂന്നോടെ മെഡിക്കല്‍ കോളേജിലെത്തിച്ച നജ്ലയെ പരിശോധനകള്‍ക്കും വീണ്ടും സ്കാനിങ്ങിനും വിധേയമാക്കിയപ്പോഴാണ് ശിശുവിന് അനക്കമില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് യുവതിയെ അഡ്മിറ്റ് ചെയ്തു. നജ്ലയുടെ ആരോഗ്യനില തൃപ്തികരമാണെന്നും തുടർചികിത്സകള്‍ നല്‍കുകയാണെന്നും മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എ ഹരികുമാർ പറഞ്ഞു. 


ബീച്ച്‌ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ പരിശോധിച്ച്‌ നടപടിയെടുത്തിരുന്നെങ്കില്‍ കുഞ്ഞിനെ രക്ഷിക്കാമായിരുന്നുവെന്നാരോപിച്ച്‌ ബന്ധുക്കള്‍ പ്രതിഷേധിച്ചു. തുടർന്ന് സൗത്ത് പൊലീസെത്തി നജ്ലയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations