മറുവശത്ത് ആദ്യമായി ഒരു ലോകകപ്പ് ഫൈനലില്‍ എത്തിയതിന്റെ മധുരം കപ്പടിച്ച് ഇരട്ടിയാക്കാന്‍ സൗത്താഫ്രിക്ക. ശനിയാഴ്ച രാത്രി ഇന്ത്യന്‍ സമയം എട്ട് മണിക്ക് ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇന്ത്യക്കും സൗത്താഫ്രിക്കയ്ക്കും ഇത് വെറും ഒരു ടൂര്‍ണമെന്റിന്റെ ഫൈനല്‍ മാത്രമല്ല. കാലങ്ങളായി കാത്തിരിക്കുന്ന തങ്ങളുടെ രാജ്യത്തെ ജനങ്ങളെ കിരീടം കൊണ്ട് സന്തോഷിപ്പിക്കാനുള്ള അവസരമാണ്.
സെമിയില്‍ അഫ്ഗാനിസ്ഥാനെ നിഷ്പ്രഭരാക്കിയാണ് സൗത്താഫ്രിക്ക കലാശപ്പോരിനെത്തുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ കശാപ്പ് ചെയ്താണ് ഇന്ത്യയുടെ വരവ്. തുല്യ ശക്തികളുടെ പോരാട്ടം എന്ന് അക്ഷരം തെറ്റാതെ വിശേഷിപ്പിക്കാന്‍ രണ്ടാമത് ഒന്ന് ആലോചിക്കേണ്ടതില്ല. ബാറ്റിംഗ് , ബൗളിംഗ് , ഫീല്‍ഡിംഗ് എന്നീ മൂന്ന് മേഖലകളിലും രണ്ട് സംഘങ്ങളും ഒന്നിനൊന്ന് മെച്ചം. തന്ത്രങ്ങളുടെ അമരത്ത് ഇന്ത്യക്ക് രോഹിത് ശര്‍മ്മയുണ്ടെങ്കില്‍ എതിര്‍പാളയത്തില്‍ എയ്ഡന്‍ മാര്‍ക്രവും ഒട്ടും പിന്നിലല്ല.
ഇനി പടിക്കല്‍ കലമുടയ്ക്കുന്ന കാര്യത്തിലായാലും രണ്ട് ടീമുകളും തുല്യര്‍. കാലങ്ങളായി സെമിഫൈനലില്‍ തോല്‍വി പിടികൂടുന്നുവെന്ന ദുര്‍ഭൂതത്തെ മറികടന്നാണ് സൗത്താഫ്രിക്ക എത്തുന്നത്. കഴിഞ്ഞ 11 വര്‍ഷമായി ഐസിസി കിരീടമില്ലെന്ന് പറയുമ്പോഴും അഞ്ച് ഐസിസി ടൂര്‍ണമെന്റുകളിലാണ് ഇന്ത്യ ഫൈനലില്‍ തോറ്റത്. ഇത്തവണ അവസാന കടമ്പയും മറികടക്കാന്‍ ഇന്ത്യക്ക് കഴിയും എന്ന് തന്നെയാണ് ആരാധകരും ഉറച്ച് വിശ്വസിക്കുന്നത്.
ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗണ്ടില്‍ കാനഡയ്‌ക്കെതിരെയ മത്സരം ഇന്ത്യക്ക് മഴ കാരണം നഷ്ടപ്പെട്ടിരുന്നു. അയര്‍ലാന്‍ഡ് , പാകിസ്ഥാന്‍ , യുഎസ്‌എ എന്നിവരെ തോല്‍പ്പിച്ചു. ഇതേ ഘട്ടത്തില്‍ ശ്രീലങ്ക , നെതര്‍ലാന്‍ഡ്‌സ് , ബംഗ്ലാദേശ് , നേപ്പാള്‍ എന്നിവരെ തോല്‍പ്പിച്ചാണ് സൗത്താഫ്രിക്ക മുന്നേറിയത്. സൂപ്പര്‍ എട്ടില്‍ ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും യുഎസ്‌എയും അവര്‍ക്ക് മുന്നില്‍ വീണു. ഓസ്‌ട്രേലിയ , അഫ്ഗാനിസ്ഥാന്‍ , ബംഗ്ലാദേശ് എന്നിവരെ ഇന്ത്യയും തോല്‍പ്പിച്ചു.
ഐസിസി ട്വന്റി 20 ലോകകപ്പിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യക്ക് ഇത് മൂന്നാമത്തെ ഫൈനലാണ്. 2007 ല്‍ ആദ്യത്തെ എഡിഷനിൽ ബദ്ധവൈരികളായ പാകിസ്ഥാനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ച് ചാമ്ബ്യന്‍മാരായ ഇന്ത്യക്ക് പിന്നീട് അതിനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല. 2014ല്‍ ഒരിക്കല്‍ക്കൂടി ഫൈനല്‍ കളിച്ചെങ്കിലും അന്ന് അയല്‍ക്കാരായ ശ്രീലങ്കയ്ക്ക് മുന്നില്‍ കാലിടറി. കഴിഞ്ഞ തവണ സെമി ഫൈനലില്‍ തോറ്റാണ് ഇന്ത്യ നാട്ടിലേക്ക് മടങ്ങിയത്.