അമേരിക്കന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണം എങ്കിലും നാശനഷ്ടം ജിസിസി രാജ്യങ്ങള്‍ക്കാണ്. ഇതേ സ്ഥിതി തുടര്‍ന്നാല്‍ ഏറ്റവും വലിയ പ്രതിസന്ധിയിലാകുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ ആയിരിക്കും. ഒപ്പം പ്രവാസികളും.
ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് സൗദി അറേബ്യ അരാംകോയുടെ ഒരു റിഫൈനറി ഇന്ന് അടച്ചു. കുവൈത്തിലെ യുഎസ് എംബസിക്ക് നേരെ ആക്രമണമുണ്ടായി. കുവൈത്തില്‍ മൂന്ന് യുഎസ് യുദ്ധ വിമാനങ്ങള്‍ വീണു. ഖത്തറിലും ആക്രമണമുണ്ടായി. ഖത്തര്‍ എനര്‍ജി വാതക ഉല്‍പ്പാദനം നിര്‍ത്തിവച്ചു. ഇതോടെ വാതക വില കുത്തനെ ഉയര്‍ന്നു. അതിനേക്കാള്‍ തിരിച്ചടി യുഎഇക്കാണ്.
ലോകത്തിലെ സുരക്ഷിത രാജ്യങ്ങളുടെ ഗണത്തില്‍ എണ്ണിയിരുന്ന യുഎഇയും ഖത്തറുമെല്ലാം ഇപ്പോള്‍ മുന്നോട്ട് പോകുന്നത് ഭയത്തോടെയാണ്. നികുതി ഇല്ലാത്തതിനാല്‍ പല വ്യവസായ പ്രമുഖരും താരങ്ങളും സ്ഥിര താമസത്തിന് യുഎഇയും ഖത്തറും തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ നികുതിപ്പണത്തിന്റെ ലാഭം നോക്കുമ്പോള്‍ ജീവന്‍ ബാക്കി ഉണ്ടാകില്ല എന്ന അവസ്ഥയിലാണ് അവര്‍.
ഇറാന്‍ 172 മിസൈലുകളാണ് യുഎഇയിലേക്ക് അയച്ചത്. രണ്ട് ക്രൂയിസ് മിസൈലുകളും 817 ഡ്രോണുകളും ഇതിന് പുറമെയാണ്. മിക്കതും പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തെങ്കിലും 20ല്‍ അധികം ഡ്രോണുകള്‍ ജനങ്ങളെ ലക്ഷ്യമിട്ട് എത്തി. പാകിസ്താന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് പ്രവാസികള്‍ യുഎഇയില്‍ കൊല്ലപ്പെട്ടു.
തകിടം മറിഞ്ഞ് ഗള്‍ഫ് രാജ്യങ്ങള്‍
യുദ്ധം വലിയ സാമ്പത്തിക നഷ്ടമാണ് ഗള്‍ഫിന് വരുത്തിയിരിക്കുന്നത്. യുഎഇയും ഖത്തറും ഓഹരി വിപണി വ്യാപാരം നിര്‍ത്തിവച്ചു. പ്രധാന വിമാനത്താവളങ്ങള്‍ അടച്ചു. ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ക്രൂഡ് ഓയില്‍, വാതകം കയറ്റുമതി നിലച്ചു. യുഎഇയിലെയും ബഹ്‌റൈനിലെയും ആമസോണ്‍ വെബ് സര്‍വീസ് ഡാറ്റ സെന്ററുകള്‍ തകരാറിലായി.
അര ലക്ഷത്തോളം അമേരിക്കന്‍ സൈനികരാണ് ഗള്‍ഫ് രാജ്യങ്ങളിലും പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിലുമായുള്ളത്. ഗള്‍ഫില്‍ യുഎസ് സൈനികരുള്ളത് ഒമാന്‍ ഒഴികെയുള്ള അഞ്ച് രാജ്യങ്ങളിലാണ്. എല്ലായിടത്തും ഇറാന്റെ മിസൈലുകള്‍ വരുന്നുണ്ട്. ആക്രമണം ശക്തമായതോടെ ഖത്തര്‍ എനര്‍ജി വാതക ഉല്‍പ്പാദനം നിര്‍ത്തി. യുറോപ്പില്‍ വാതകത്തിന്റെ വില 40 ശതമാനം ഉയരാന്‍ ഇത് കാരണമായി. ഖത്തര്‍ എനര്‍ജിയുടെ രണ്ട് കേന്ദ്രങ്ങളാണ് ഇറാന്‍ ആക്രമിച്ചത്.
അതേസമയം, യുഎഇയിലെ ഓഫീസ് ആപ്പിള്‍ അടച്ചു. കോര്‍പറേറ്റ് ഓഫീസും അഞ്ച് സ്റ്റോറുകളുമാണ് പൂട്ടിയത്. അബുദാബി, അല്‍ ഐന്‍, ദുബായ് എന്നിവിടങ്ങളിലെ ഓഫീസുകളാണ് പൂട്ടിയത്. തൊഴിലാളികളുടെ സാന്നിധ്യം കുറയ്ക്കണം എന്ന് യുഎഇ ഭരണകൂടം ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. വലിയ സാമ്പത്തിക നഷ്ടമാണ് യുഎഇക്ക്, പ്രത്യേകിച്ച് ദുബായ്ക്ക് വന്നിരിക്കുന്നത്.