എന്നെ മാത്രം എന്തിനാണ് മാറ്റിനിര്‍ത്തുന്നത് ? സി.പി.എം സെക്രട്ടേറിയറ്റില്‍ വികാരാധീനയായി ശൈലജ ടീച്ചർ

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നാടകീയ രംഗങ്ങള്‍.

വീണ്ടും മത്സരിക്കുന്നതില്‍ നിന്ന് പാര്‍ട്ടി തന്നെ മാറ്റിനിര്‍ത്തുന്നതില്‍ മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ വികാരാധീനയായി.


തന്റെ സിറ്റിംഗ് സീറ്റായ മട്ടന്നൂരില്‍ നിന്ന് ശൈലജയെ വീണ്ടും മത്സരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് താല്‍പ്പര്യമില്ല. കണ്ണൂര്‍ ജില്ലാ നേതൃത്വം നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടികയിലും അവരുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ച ചെയ്ത ഘട്ടത്തില്‍, 'എന്നെ മാത്രം എന്തിനാണ് മാറ്റിനിര്‍ത്തുന്നത്?' എന്ന് ശൈലജ മുതിര്‍ന്ന നേതാക്കളോട് ചോദിച്ചതായാണ് വിവരം.


എന്നാല്‍ ശൈലജയെ പേരാവൂരില്‍ മത്സരിപ്പിക്കുന്ന കാര്യം പാര്‍ട്ടി സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ മറ്റ് പി.ബി അംഗങ്ങളാരും തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് നേതൃത്വം തീരുമാനിച്ചു.


സുരക്ഷിത മണ്ഡലങ്ങളില്‍ രണ്ട് തവണ മത്സരിച്ചവര്‍ക്ക് ഇത്തവണ അവസരം നല്‍കില്ലെന്ന നയം കര്‍ശനമായി നടപ്പിലാക്കും. ഇതനുസരിച്ചാണ് മട്ടന്നൂരില്‍ നിന്ന് ശൈലജയെ ഒഴിവാക്കിയത്. എ.എന്‍ ഷംസീറും തലശ്ശേരിയില്‍ മത്സരിക്കാന്‍ സാധ്യതയില്ല.


2021-ലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട തോമസ് ഐസക്, ജി. സുധാകരന്‍, ഇ.പി ജയരാജന്‍ തുടങ്ങിയവര്‍ക്ക് ഇത്തവണയും അവസരം ലഭിക്കില്ല.


നിലവിലെ പിണറായി സര്‍ക്കാരിലെ മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, പി. രാജീവ്, സജി ചെറിയാന്‍, വി.എന്‍ വാസവന്‍, മുഹമ്മദ് റിയാസ്, എം.ബി രാജേഷ്, ആര്‍. ബിന്ദു, വി. ശിവന്‍കുട്ടി, വീണ ജോര്‍ജ് എന്നിവര്‍ മത്സരിക്കും.


സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ എന്നിവര്‍ മത്സരിക്കില്ല. എം. സ്വരാജിന്റെ കാര്യത്തില്‍ അടുത്ത യോഗത്തില്‍ തീരുമാനമുണ്ടാകും.


സ്ഥാനാര്‍ത്ഥി പട്ടികയുടെ കാര്യത്തില്‍ അന്തിമ തീരുമാനം മാര്‍ച്ച്‌ 4 - ന് ചേരുന്ന സെക്രട്ടേറിയറ്റിലും മാര്‍ച്ച്‌ 5 - ലെ സംസ്ഥാന കമ്മിറ്റിയിലും ഉണ്ടാകും. മാര്‍ച്ച്‌ 8 - നോ 9 - നോ പട്ടിക പുറത്തുവിടുമെന്നാണ് വിവരം.