സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനില്‍ക്കാൻ പറഞ്ഞു ; നടൻ മമ്മൂട്ടിക്കെതിരെ സൈബര്‍ ആക്രമണം

കല്‍പ്പറ്റ : വയനാട് ടൗണ്‍ഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് നടൻ മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവത്തില്‍ താരത്തിനെതിരെ സൈബർ ആക്രമണം രൂക്ഷം.

ആക്ഷേപവും രൂക്ഷ വിമർശനവുമായി ഇടത് സൈബർ ഹാൻഡിലുകളാണ് രംഗത്തെത്തിയിരിക്കിന്നത്. എന്നാല്‍ സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനില്‍ക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടത് യുഡിഎഫ് ആയുധമാക്കിയിരിക്കുകയാണ്. ജനങ്ങളുടെ ടൗണ്‍ഷിപ്പ് എന്ന മമ്മൂട്ടിയുടെ പരാമർശം ഉന്നയിച്ചാണ് യുഡിഎഫിന്റെ വിമർശനം.


ഇന്നലെയാണ് ടൗണ്‍ഷിപ്പ് സന്ദർശനത്തിനിടെ റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചത്. അതേസമയം, മമ്മൂട്ടി ആഗ്രഹിച്ചത് സ്വകാര്യ സന്ദർശനമാണെന്നാണ് പുറത്തുവരുന്ന വിവരം. ടൗണ്‍ഷിപ്പിലേത് സ്വകാര്യ സന്ദർശനം മാത്രമാക്കി നിലനിർത്താൻ മമ്മൂട്ടി നിർദ്ദേശിച്ചിരുന്നു. 


മമ്മൂട്ടി ചെന്നൈയില്‍ നിന്ന് എത്തിയത് ടൗണ്‍ഷിപ്പ് കാണാൻ മാത്രമാണെന്നും മാദ്ധ്യമങ്ങളെ പോലും അറിയിക്കാതെയായിരുന്നു സന്ദർശനമെന്നും മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ടൗണ്‍ഷിപ്പിലേക്ക് വരാൻ ആരോടും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നില്ല. സിപിഎം നേതാക്കള്‍ തുടർച്ചയായി അനുഗമിക്കുകയും ജനങ്ങളെ നിയന്ത്രിക്കുകയും ചെയ്തതോടെയാണ് മമ്മൂട്ടി മാറി നില്‍ക്കാൻ ആവശ്യപ്പെട്ടതെന്നാണ് വിവരം.


ടൗണ്‍ഷിപ്പ് സന്ദർശനത്തിലുടനീളം അനുഗമിച്ചപ്പോഴാണ് ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി അമർഷം തുറന്നുപറഞ്ഞത്. 'നിങ്ങള്‍ എന്തിനാണ് എപ്പോഴും എന്റെ കൂടെ നില്‍ക്കുന്നത്? ഞാൻ നിങ്ങള്‍ക്കുവേണ്ടി വന്നതാണെന്ന് ആളുകള്‍ വിചാരിക്കും, മാറി നിന്നാല്‍ മതി' എന്ന് മമ്മൂട്ടി നേരിട്ട് പറയുകയും ചെയ്തിരുന്നു. 


നോഡല്‍ ഓഫീസർ ഡോ.അരുണാണ് മമ്മൂട്ടിക്ക് ടൗണ്‍ഷിപ്പ് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ വിശദീകരിച്ച്‌ നല്‍കിയത്. 'പദയാത്ര' സിനിമയുടെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അദ്ദേഹം ടൗണ്‍ഷിപ്പ് സന്ദർശിക്കാനെത്തിയത്.