വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്തിയില്ല ; അവസാന നിമിഷം പരിപാടിയുടെ വേദി മാറ്റിയതും വിവാദം ; ഇത് നാണക്കേടും മുന്‍പ് സംഭവിക്കാത്തതെന്നും പറഞ്ഞ് ബംഗാള്‍ സര്‍ക്കാറിനെതിരെ നരേന്ദ്ര മോദി

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയുടെ വേദി മാറ്റിയതുമായി ബന്ധപ്പെട്ട തര്‍ക്കം ബംഗാളില്‍ രാഷ്ട്രീയ വിഷയമായി മാറുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള രൂക്ഷമായ വാക്‌പോരിലേക്കാണ് ഈ വിഷയം വഴിമാറിയത്. വിഷയത്തില്‍ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ എല്ലാ അതിരുകളും ലംഘിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. അതേസമയം, ബിജെപിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി തിരിച്ചടിച്ചു.


അന്താരാഷ്ട്ര സാന്താള്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ രാഷ്ട്രപതി മുര്‍മു, തന്റെ പരിപാടിയുടെ വേദി അവസാന നിമിഷം മാറ്റിയതില്‍ ശക്തമായ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. നിശ്ചയിച്ചിരുന്ന വേദിയില്‍ സ്ഥലപരിമിതി ഉണ്ടെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ വേദി മാറ്റിയത്. 


എന്നാല്‍, അവിടെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഒത്തുകൂടാനുള്ള സൗകര്യമുണ്ടായിരുന്നുവെന്നും, സാന്താള്‍ ജനതയ്ക്ക് എത്താന്‍ കഴിയാത്ത ദൂരെയുള്ള ഒരിടത്തേക്ക് പരിപാടി മാറ്റിയത് തന്നെ വേദനിപ്പിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു. സന്ദര്‍ശനവേളയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ വന്നു കാണാതിരുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. സിലിഗുരി മേയര്‍ ഗൗതം ദേബ് മാത്രമായിരുന്നു അവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലുണ്ടായിരുന്നത്.


രാഷ്ട്രപതി അതൃപ്തി രേഖപ്പെടുത്തിയതോടെയാണ് നരേന്ദ്ര മോദി വിഷത്തില്‍ പ്രതികരിച്ചു രംഗത്തുവന്നത്. സാമൂഹികമാധ്യമമായ എക്സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രപതി സംസാരിക്കുന്നതിന്റെ വീഡിയോയും അദ്ദേഹം കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.


'ഇത് ലജ്ജാകരവും മുന്‍പൊരിക്കലും സംഭവിച്ചിട്ടില്ലാത്തതുമാണ്. ജനാധിപത്യത്തിലും ഗോത്രവിഭാഗത്തിന്റെ ശാക്തീകരണത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍പേരും നിരാശരാണ്. ഗോത്രവിഭാഗക്കാരിയായ രാഷ്ട്രപതി തന്നെ പ്രകടിപ്പിച്ച വേദനയും നിരാശയും ഇന്ത്യയിലെ ജനങ്ങളുടെ മനസ്സില്‍ അതീവദുഃഖം ഉളവാക്കിയിരിക്കുകയാണ്. 


പശ്ചിമ ബംഗാളിലെ ടിഎംസി സര്‍ക്കാര്‍ ശരിക്കും എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നു. രാഷ്ട്രപതിക്കുണ്ടായ ഈ അപമാനത്തിന് അവരുടെ ഭരണകൂടമാണ് ഉത്തരവാദികള്‍. സാന്താള്‍ സംസ്‌കാരം പോലെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നിനെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ലാഘവത്തോടെ കൈകാര്യം ചെയ്തുവെന്നതും ദൗര്‍ഭാഗ്യകരമാണ്. രാഷ്ട്രപതീപദം രാഷ്ട്രീയത്തിന് മുകളിലാണ്. അതിന്റെ പരിശുദ്ധിയെ എല്ലായ്പ്പോഴും ബഹുമാനിക്കണം, മോദി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.


രാഷ്ട്രപതിയുടെ പരാമര്‍ശം ഇങ്ങനെ: 'ഇന്ന് ആയിരുന്നു അന്താരാഷ്ട്ര സന്താള്‍ സമ്മേളനം. അതില്‍ പങ്കെടുത്ത ശേഷം ഞാന്‍ ഇവിടേക്ക് വന്നപ്പോള്‍, ഈ സ്ഥലം വളരെ വിശാലമായതിനാല്‍ ഇവിടെ വെച്ച്‌ നടത്തിയിരുന്നെങ്കില്‍ അത് നന്നായേനെ എന്ന് തോന്നി. ഭരണകൂടത്തിന്റെ മനസ്സില്‍ എന്തായിരുന്നു എന്ന് എനിക്കറിയില്ല. അവര്‍ പറഞ്ഞു - ഇല്ല, സ്ഥലം തിരക്കുള്ളതാണെന്ന്. എന്നാല്‍ എനിക്ക് തോന്നുന്നത് ഇവിടെ അഞ്ച് ലക്ഷം ആളുകള്‍ക്ക് അനായാസം ഒത്തുകൂടാന്‍ കഴിയുമെന്നാണ്. 


പക്ഷെ അവര്‍ നമ്മെ അവിടേക്ക് കൊണ്ടുപോയത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. സന്താള്‍ ജനതക്ക് പോകാന്‍ കഴിയാത്ത ഒരു സ്ഥലമാണ് ഭരണകൂടം സമ്മേളനത്തിനായി തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. വളരെ അകലെയൊരു സ്ഥലത്ത് സമ്മേളനം വെച്ചതിനാല്‍ ഇവിടെയുള്ളവര്‍ക്ക് അവിടേക്ക് എത്താന്‍ കഴിയാത്തതില്‍ ഞാന്‍ അതീവ ദുഃഖിതയാണ്.


ഒരുപക്ഷെ, ആര്‍ക്കും പങ്കെടുക്കാന്‍ കഴിയില്ലെന്നും രാഷ്ട്രപതി വെറുതെ മടങ്ങിപ്പോകുമെന്നും ഭരണകൂടം പ്രതീക്ഷിച്ചിരിക്കാം. രാഷ്ട്രപതി ഒരു സ്ഥലം സന്ദര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വരണം. പക്ഷെ അവര്‍ (മമതാ ബാനര്‍ജി) വന്നില്ല. ഞാനും ബംഗാളിന്റെ മകളാണ്. മമതാദീദിയും എന്റെ സഹോദരിയാണ്, എന്റെ ഇളയ സഹോദരി. അവര്‍ക്ക് എന്നോട് ദേഷ്യമാണോ അതുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചതെന്ന് എനിക്കറിയില്ല'.


പ്രധാനമന്ത്രിയുടെ ആരോപണത്തിന് രൂക്ഷമായാണ് മമത ബാനര്‍ജി പ്രതികരിച്ചത്. പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ രാഷ്ട്രപതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി. 'മധ്യപ്രദേശിലോ ഛത്തീസ്ഗഡിലോ ഗോത്രവര്‍ഗക്കാര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിക്കുന്നില്ല ? മമത ചോദിച്ചു. 


ബിജെപിയുടെ ഉപദേശപ്രകാരം തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയം കളിക്കരുതെന്നും ബംഗാളിനെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി രാഷ്ട്രപതിയെ ഉപയോഗിക്കുകയാണെന്നും മമത ആരോപിച്ചു.