ഇതോടെ ഇവര്‍ക്ക് വിദേശ കറന്‍സി ലഭിക്കുന്ന അളവും കുറഞ്ഞു. ഇത് യുഎഇയുടെ വിദേശ കരുതല്‍ ധനത്തില്‍ ചോര്‍ച്ച വരുത്തുമെന്നാണ് ആശങ്ക.
ഈ സാഹചര്യത്തിലാണ് യുഎഇ അമേരിക്കക്ക് മുമ്പാകെ നിര്‍ണായകമായ പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. യുഎഇ ദിര്‍ഹം - യുഎസ് ഡോളര്‍ തമ്മില്‍ കറന്‍സി സ്വാപ്പിങ് കരാര്‍ ആണ് യുഎഇ ആവശ്യപ്പെട്ടത്. യുഎഇയില്‍ അമേരിക്കന്‍ ഡോളറിന്റെ ലഭ്യത ഉറപ്പാക്കാനാണിത്. എന്നാല്‍ യുഎഇയുമായി കറന്‍സി സ്വാപ്പ് കരാറിന് അമേരിക്കന്‍ കേന്ദ്ര ബാങ്ക് തയ്യാറായേക്കില്ല എന്നാണ് വിവരം.
യുഎഇ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ ഖാലിദ് മുഹമ്മദ് ബലാമയും അമേരിക്കയുടെ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബസന്റും ട്രഷറിയിലെയും ഫെഡ് റിസര്‍വിലെയും ഉദ്യോഗസ്ഥരുമാണ് ചര്‍ച്ച നടത്തിയത്. ഈ വേളയിലാണ് യുഎഇ കറന്‍സി സ്വാപ് കരാര്‍ ആവശ്യപ്പെട്ടത്. ഡോളര്‍ ക്ഷാമം നേരിടുകയാണെങ്കില്‍ ചൈനീസ് യുവാന്‍ ഉള്‍പ്പെടെയുള്ള മറ്റു കറന്‍സികള്‍ ഉപയോഗിക്കുമെന്നും യുഎഇ അറിയിച്ചുവെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കയുടെ കറന്‍സിയാണ് ഡോളര്‍. ഇവ ഉപയോഗിച്ചാണ് യുഎഇ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ എണ്ണയും വാതകവും വില്‍ക്കുന്നത്. 1970 കളില്‍ ഒപ്പുവച്ച പെട്രോ ഡോളര്‍ ധാരണയാണ് ഇതിന് അടിസ്ഥാനം. ക്രൂഡ് ഓയില്‍ വില കണക്കാക്കുന്നത് ഡോളറിലാകണം എന്നതാണ് ഈ കരാര്‍. മറ്റു രാജ്യങ്ങള്‍ എണ്ണ വാങ്ങുമ്ബോള്‍ നല്‍കേണ്ടത് ഡോളറാണ്. ഇത് ഡോളറിന്റെ അപ്രമാദിത്വം വര്‍ധിപ്പിക്കുന്നു.
ചൈനയ്ക്ക് ലോട്ടറി അടിക്കുമോ
ഇറാനുമായുള്ള യുദ്ധം തുടങ്ങിയ ശേഷം അമേരിക്കന്‍ ഡോളറില്‍ ക്രൂഡ് ഓയില്‍ വില്‍ക്കുന്നതിന് യുഎഇ തടസം നേരിടുന്നുണ്ട്. ഇതോടെ ഡോളറിന്റെ ലഭ്യത കുറയുന്ന സാഹചര്യത്തിലാണ് യുഎഇ കറന്‍സി സ്വാപ്പിങ് ആവശ്യപ്പെട്ടത്. അല്ലെങ്കില്‍ ചൈനീസ് യുവാനില്‍ ഇടപാട് നടത്തേണ്ടി വരുമെന്നാണ് യുഎഇ പറയുന്നത്. അടുത്തിടെ ജിസിസി രാജ്യങ്ങളുമായി ചില രാജ്യങ്ങള്‍ യുവാനില്‍ ഇടപാട് നടത്തിയെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.
യുഎഇയും അമേരിക്കയും തമ്മില്‍ തുടര്‍ച്ചയായ സാമ്ബത്തിക ഇടപാടുകള്‍ കുറവാണ്. അതുകൊണ്ടുതന്നെ കറന്‍സി സ്വാപിങിന് അമേരിക്ക തയ്യാറായേക്കില്ല. ബ്രിട്ടന്‍, കാനഡ, ജപ്പാന്‍, സ്വിറ്റ്‌സര്‍ലാന്റ്, യൂറോപ്യന്‍ യൂണിയന്‍, മെക്‌സിക്കോ, ദക്ഷിണ കൊറിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളുമായിട്ടാണ് അമേരിക്കക്ക് കറന്‍സി സ്വാപ്പ് നിലവിലുള്ളത്.
യുഎഇ അമേരിക്കന്‍ ഡോളര്‍ മാറ്റിവച്ച് മറ്റു കറന്‍സികളില്‍ ഇടപാട് നടത്തുന്നത് ഡോളറിന് വലിയ തിരിച്ചടിയാകും. ഡോളര്‍ ഇല്ലെങ്കിലും ലോക രാജ്യങ്ങളുമായി ഇടപാട് നടക്കുമെന്ന സാഹചര്യം വരും. ഇതോടെ ഡോളറിന് തുല്യമായി ചൈനീസ് യുവാന്‍ എത്തും. ഇത് ചൈനീസ് യുവാന്റെ മൂല്യം വര്‍ധിപ്പിക്കും. അമേരിക്ക ആശങ്കയോടെ കാണുന്ന ചൈനയുടെ വളര്‍ച്ച കൂടുതല്‍ വേഗത്തിലാക്കുന്നതാണ് ഈ നീക്കം.