ലെബനാനില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച്‌ ഇസ്രായേല്‍ ആക്രമണം ; മാധ്യമപ്രവര്‍ത്തക ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ബെയ്റൂത്ത് : ലെബനാനില്‍ വെടിനിർത്തല്‍ ലംഘിച്ച്‌ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ മാധ്യമപ്രവർത്തക അമല്‍ ഖലീല്‍ ഉള്‍പ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു.

ദക്ഷിണ ലെബനാനിലെ അറ്റ്-തിരി ഗ്രാമത്തില്‍ ഇസ്രായേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു കാറിലുണ്ടായിരുന്ന രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവം റിപ്പോർട്ട് ചെയ്യാനായി എത്തിയതായിരുന്നു 'അല്‍ അഖ്ബാർ' പത്രത്തിന്റെ റിപ്പോർട്ടറായ അമല്‍ ഖലീലും ഫ്രീലാൻസ് ഫോട്ടോ ജേർണലിസ്റ്റ് സെയ്‌നബ് ഫറാജും. 


ആക്രമണത്തെത്തുടർന്ന് ഇവർ ഒരു കെട്ടിടത്തില്‍ അഭയം പ്രാപിച്ചെങ്കിലും, തൊട്ടുപിന്നാലെ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അമല്‍ ഖലീല്‍ കൊല്ലപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ അമലിനെ മണിക്കൂറുകള്‍ക്ക് ശേഷമാണ് പുറത്തെടുക്കാൻ സാധിച്ചത്. കൂടെയുണ്ടായിരുന്ന സെയ്‌നബ് ഫറാജ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.


മാധ്യമപ്രവർത്തകരെ ഇസ്രായേല്‍ ബോധപൂർവ്വം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയവും വാർത്താവിനിമയ മന്ത്രാലയവും ആരോപിച്ചു. പരിക്കേറ്റവർക്ക് അടുത്തേക്ക് ആംബുലൻസുകളും രക്ഷാപ്രവർത്തകരും എത്തുന്നത് തടയാനായി ഇസ്രായേല്‍ റോഡുകളില്‍ തുടർച്ചയായി ബോംബ വർഷിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. 


എന്നാല്‍, ഹിസ്ബുല്ല കേന്ദ്രത്തില്‍ നിന്ന് പുറപ്പെട്ട വാഹനങ്ങളെയാണ് തങ്ങള്‍ ലക്ഷ്യം വെച്ചതെന്നും മാധ്യമപ്രവർത്തകരെ ആക്രമിച്ചിട്ടില്ലെന്നുമാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വാദം. ലെബനീസ് പ്രധാനമന്ത്രി നവാഫ് സലാം ഈ സംഭവത്തെ 'വ്യക്തമായ യുദ്ധക്കുറ്റം' എന്ന് വിശേഷിപ്പിക്കുകയും അന്താരാഷ്ട്ര തലത്തില്‍ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.


അതേസമയം, വെടിനിർത്തല്‍ കരാർ ലംഘിച്ചുള്ള ഇസ്രായേല്‍ നീക്കങ്ങള്‍ക്ക് മറുപടിയായി ഇസ്രായേല്‍ പീരങ്കി കേന്ദ്രത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളെ ലക്ഷ്യംവെച്ച്‌ ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ലെബനാനില്‍ ഇസ്രായേല്‍ നടത്തി കൊണ്ടിരിക്കുന്ന ആക്രമണം വീണ്ടും രൂക്ഷമായത്. 


ഒക്ടോബർ മുതല്‍ തുടരുന്ന ആക്രമണങ്ങളില്‍ ഇതുവരെ 2,400 ലധികം ലെബനീസ് പൗരന്മാർ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. പത്ത് ദിവസത്തെ വെടിനിർത്തല്‍ കരാർ ഞായറാഴ്ച അവസാനിക്കാനിരിക്കെ, അത് നീട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ചകള്‍ വാഷിംഗ്ടണില്‍ നടക്കാനിരിക്കെയാണ് ഈ പുതിയ ആക്രമണങ്ങള്‍ ഉണ്ടായിരിക്കുന്നത്. മറ്റൊരു സംഭവത്തില്‍, ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ രണ്ടാമത്തെ ഫ്രഞ്ച് സൈനികനും മരിച്ചതായി ഫ്രഞ്ച് പ്രസിഡന്റ് സ്ഥിരീകരിച്ചു.