വിജയ്‌യുടെ സക്സസ് മാതൃകയാക്കാൻ അണ്ണാമലൈ ; ബിജെപി വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കും

ചെന്നൈ : 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം ( ടിവികെ ) തമിഴ്നാടിൻ്റെ ഭരണം സ്വന്തമാക്കിയ സാഹചര്യം തുടരുന്നതിനിടെ ബിജെപി ബന്ധം അവസാനിപ്പിക്കാൻ ബിജെപി മുൻ അധ്യക്ഷനും ഐപിഎസ് ഉദ്യോഗസ്ഥനുമായിരുന്ന കെ അണ്ണാമലൈയുടെ നീക്കം.

ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നബിൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ സന്ദർശിച്ച ശേഷം അണ്ണാമലൈ പാർട്ടിവിടുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇരുവരുമായുള്ള അണ്ണാമലൈയുടെ കൂടിക്കാഴ്ച ചൊവ്വാഴ്ചയുണ്ടായേക്കും.


ബിജെപി ബന്ധം അവസാനിപ്പിച്ച്‌ അണ്ണാമലൈ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. പാർട്ടി പ്രഖ്യാപനം ഉടൻ ഉണ്ടാകാൻ സാധ്യത വിരളമാണെങ്കിലും നിർണായക തീരുമാനം ഉണ്ടാകും. മാസങ്ങളായി ബിജെപി നേതൃത്വവുമായി അണ്ണാമലൈ അഭിപ്രായവ്യത്യാസത്തിലാണ്. 


Kഇതിനിടെയാണ് പുതിയ നീക്കം. പുതിയ പാർട്ടി പ്രഖ്യാപനത്തെപ്പറ്റിയുള്ള ചോദ്യത്തിന് 'ദയവായി കാത്തിരിക്കുക, രണ്ടു ദിവസത്തിനുള്ളില്‍ നമുക്ക് സംസാരിക്കാം' എന്നാണ് അദ്ദേഹം പ്രതികരിച്ചത്. പ്രചരിക്കുന്നത് കിംവദന്തികള്‍ മാത്രമാണെന്നും ബിജെപി സംസ്ഥാന സെക്രട്ടറി വിനോജ് പി സെല്‍വം പറഞ്ഞു.


ബിജെപി നേതൃത്വവുമായുള്ള അണ്ണാമലൈയുടെ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമാകുന്നതതിനിടെ തിങ്കളാഴ്ച കോയമ്പത്തൂരിലുടനീളം അദ്ദേഹത്തിന്റെ അനുയായികള്‍ കൂറ്റൻ പോസ്റ്ററുകള്‍ സ്ഥാപിച്ചു. " ഞങ്ങളുടെ നേതാവ്, വന്ന് ഞങ്ങളെ നയിക്കുക " തുടങ്ങിയ മുദ്രാവാക്യങ്ങളുള്ള പോസ്റ്ററുകളാണ് അണ്ണാമലൈയുടെ ജന്മദിനത്തിന് മുന്നോടിയായി നഗരത്തിലെ പ്രധാന റോഡുകളിലും തെരുവുകളിലും പ്രത്യക്ഷപ്പെട്ടത്. ജൂണ്‍ നാലിനാണ് അണ്ണാമലൈയുടെ ജന്മദിനം.


എഐഎഡിഎംകെയുമായി സംസ്ഥാന ബിജെപി സഖ്യമുണ്ടാക്കാൻ നീക്കം ആരംഭിച്ചതോടെയാണ് അണ്ണാമലൈ എതിർപ്പുമായി രംഗത്തുവന്നത്. സഖ്യമുണ്ടാക്കാതെ ബിജെപി സംഘടനാ ശക്തി വളർത്തണമെന്ന നിലപാടിലായിരുന്നു അണ്ണാമലൈ. എന്നാല്‍, ഡിഎംകെയെ പരാജയപ്പെടുത്തുകയെന്ന ഏക ലക്ഷ്യത്തോടെ ദേശീയ നേതൃത്വം സഖ്യത്തില്‍ ഉറച്ചുനില്‍ക്കുകയും അണ്ണാമലൈയുടെ വാദത്തെ തള്ളുകയും ചെയ്തു.


ഐപിഎസ് മുൻ ഉദ്യോഗസ്ഥനായ അണ്ണാമലൈ 2020 ല്‍ ബിജെപിയില്‍ എത്തുകയും 2021 ല്‍ സംസ്ഥാന ബിജെപി പ്രസിഡൻ്റാകുകയും ചെയ്തു. 2025 വരെ പാർട്ടിയുടെ തമിഴ്‌നാട് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. എന്നാല്‍, 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂർ മണ്ഡലത്തില്‍ മത്സരിക്കാൻ താല്‍പ്പര്യം കാണിച്ചെങ്കിലും ബിജെപി നേതൃത്വം നീക്കം തടഞ്ഞു. പിന്നാലെ കേന്ദ്ര സർക്കാരിൻ്റെ ത്രിഭാഷാ നയത്തെ അദ്ദേഹം പരസ്യമായി വിമർശിക്കുകയും ചെയ്തതോടെ ബിജെപിയുടെ കണ്ണിലെ കരാടായി. ഇതോടെയാണ് സംസ്ഥാന ബിജെപിയുമായി അണ്ണാമലൈ കൂടുതല്‍ അകന്നത്.


സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്ത് തുടരുന്നതിനിടെ പാർട്ടിയുടെ വ്യത്യസ്തമായ മുഖമായി മാറാൻ അണ്ണാമലൈയ്ക്ക് സാധിച്ചു. സംസ്ഥാനവ്യാപകമായി പ്രചാരണങ്ങള്‍ നടത്തി യുവാക്കള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും പിന്തുണ നേടുകയും ചെയ്തു. ഈ സാഹചര്യം മുന്നില്‍ കണ്ട് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം തമിഴ്നാടിൻ്റെ ഭരണം സ്വന്തമാക്കിയത് പോലെയുള്ള നീക്കമാണ് അണ്ണാമലൈയും നടത്താൻ ശ്രമിക്കുന്നത്.