ജനറൽ ആശുപത്രി വികസനം മുരടിച്ചത് നഗരസഭയുടെ അനാസ്ഥയെന്ന് എൽഡിഎഫ് ചെയർപേഴ്സണിന്റെയും യു.ഡി.എഫ് കൗൺസിലർമാരുടെയും ആരോപണങ്ങൾ വസ്തുതാവിരുദ്ധമെന്ന് വിമർശനം

മൂവാറ്റുപുഴ : ജനറൽ ആശുപത്രിയിലെ പോരായ്മകൾ ചർച്ച ചെയ്യുന്നതിനിടെ ആശുപത്രി വികസനം മുരടിച്ചതിന് മുൻ എൽ.ഡി.എഫ് സർക്കാരിനെ കുറ്റപ്പെടുത്തി നഗരസഭാ ചെയർപേഴ്സൺ നടത്തിയ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് എൽ.ഡി.എഫ് നേതാക്കൾ ആരോപിച്ചു. സ്വന്തം ഭരണപരമായ വീഴ്ചകൾ മറച്ചുവെക്കാനുള്ള ശ്രമമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും അവർ പറഞ്ഞു.

മൂവാറ്റുപുഴ ജനറൽ ആശുപത്രി നഗരസഭയ്ക്ക് വിട്ടുനൽകിയ സ്ഥാപനമായതിനാൽ ദൈനംദിന പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ വികസനവും ഉറപ്പാക്കുന്നതിൽ നഗരസഭയ്ക്കാണ് പ്രധാന ഉത്തരവാദിത്തമെന്ന് എൽ.ഡി.എഫ് ചൂണ്ടിക്കാട്ടി. നഗരസഭയ്ക്കൊപ്പം പ്രാദേശിക എം.എൽ.എയ്ക്കും എം.പിക്കും ആശുപത്രി വികസനത്തിൽ ഉത്തരവാദിത്തമുണ്ടെന്നും അവർ വ്യക്തമാക്കി.


കഴിഞ്ഞ നഗരസഭാ ഭരണകാലത്തും നിലവിലെ ഭരണകാലത്തും യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണമാണ് ഉണ്ടായിരുന്നതെന്നും ആശുപത്രിയുടെ ആവശ്യങ്ങൾക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിനോ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനോ കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും ആരോപിച്ചു.


ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ വൈകിയത് മൂന്നര വർഷം മുൻ എം.എൽ.എ എൽദോ എബ്രഹാമിന്റെ കാലത്ത് എൽ.ഡി.എഫ് സർക്കാരിന്റെ പിന്തുണയോടെ എൻ.എച്ച്.എം ഫണ്ട് ഉപയോഗിച്ച് ജനറൽ ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്ററും കുട്ടികളുടെ വാർഡും സജ്ജമാക്കിയിരുന്നു. എന്നാൽ ആവശ്യമായ ട്രാൻസ്ഫോർമർ സ്ഥാപിക്കാത്തതിനാൽ തിയേറ്ററിന്റെ പ്രവർത്തനം ആരംഭിക്കാൻ മൂന്നര വർഷത്തോളം വൈകിയെന്നാണ് എൽ.ഡി.എഫ് ആരോപണം.


തുടർന്ന് ഇടതുപക്ഷ ജനപ്രതിനിധികളും നേതാക്കളും സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രിയെ നേരിൽ കണ്ട് വിഷയം ശ്രദ്ധയിൽപ്പെടുത്തുകയും സർക്കാർ ഇടപെടലിലൂടെ ഫണ്ട് അനുവദിച്ച് ട്രാൻസ്ഫോർമർ സ്ഥാപിക്കുകയും ചെയ്ത ശേഷമാണ് ഓപ്പറേഷൻ തിയേറ്റർ പ്രവർത്തനക്ഷമമായതെന്നും അവർ പറഞ്ഞു.


ഓക്സിജൻ പ്ലാന്റിനും ജനറേറ്റർ സൗകര്യമില്ലെന്ന് ആരോപണം കോവിഡ് കാലത്ത് സ്ഥാപിച്ച ഓക്സിജൻ പ്ലാന്റ് പ്രവർത്തിക്കാത്തതിന് ട്രാൻസ്ഫോർമർ ശേഷിയില്ലാത്തതാണ് കാരണമെന്ന ചെയർപേഴ്സണിന്റെ പ്രസ്താവന തെറ്റാണെന്നും എൽ.ഡി.എഫ് ആരോപിച്ചു. നിലവിലുള്ള ട്രാൻസ്ഫോർമറിന് ആവശ്യമായ കപ്പാസിറ്റിയുണ്ടെന്നും പ്ലാന്റ് പ്രവർത്തിപ്പിക്കാൻ ആവശ്യമായ ശേഷിയുള്ള ജനറേറ്റർ സജ്ജമാക്കാത്തതാണ് പ്രധാന പ്രശ്നമെന്നും അവർ വ്യക്തമാക്കി.


ദീർഘകാലം പ്രവർത്തിപ്പിക്കാതെ കിടന്നതിനെ തുടർന്ന് പ്ലാന്റിലെ മെഷിനറികൾക്കും ആന്തരിക വയറിംഗിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും അറ്റകുറ്റപ്പണികൾ നടത്തി പുനഃസ്ഥാപിച്ചാൽ മാത്രമേ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ കഴിയൂവെന്നും ആരോപിച്ചു.


അൾട്രാസൗണ്ട് മെഷീൻ സ്ഥാപിച്ചിട്ടും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും നിലവിൽ ഉപയോഗിക്കുന്ന അനസ്തേഷ്യ മെഷീൻ അങ്കമാലി ആശുപത്രിയിൽ നിന്ന് താൽക്കാലികമായി ലഭ്യമാക്കിയതാണെന്നും എക്സ്-റേ മെഷീൻ നിരന്തരം തകരാറിലാകുകയാണെന്നും എൽ.ഡി.എഫ് നേതാക്കൾ ചൂണ്ടിക്കാട്ടി.


ആശുപത്രി വികസന സമിതി യോഗങ്ങൾ പോലും കൃത്യമായി വിളിച്ചില്ലെന്ന് ആരോപണം നിത്യേന ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന ജില്ലയിലെ പ്രധാന ജനറൽ ആശുപത്രികളിലൊന്നായ മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെ പ്രവർത്തനങ്ങളിൽ നഗരസഭയ്ക്ക് കാര്യക്ഷമമായ ഇടപെടൽ നടത്താൻ കഴിഞ്ഞില്ലെന്നാണ് എൽ.ഡി.എഫിന്റെ ആരോപണം. ആശുപത്രി വികസന സമിതി യോഗങ്ങൾ കൃത്യമായി വിളിച്ചുചേർക്കുന്നതിലും ആശുപത്രിയുടെ പ്രവർത്തനങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിലും നഗരസഭയ്ക്ക് വീഴ്ച സംഭവിച്ചെന്നും അവർ പറഞ്ഞു.


അധികാരവും ഭരണച്ചുമതലയും കൈവശമുള്ളവർ സ്വന്തം വീഴ്ചകൾ മറച്ചുവെക്കാൻ മുൻ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും എൽ.ഡി.എഫ് ആരോപിച്ചു. യു.ഡി.എഫ് ഭരണസമിതിയുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും നേതാക്കൾ അറിയിച്ചു.