രാജ്യത്തെ മതത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തോട് മടുത്ത ഒരു പുതിയ തലമുറയുടെ രാഷ്ട്രീയ ആവശ്യമാണിതെന്നും, ഈ കൂട്ടായ്മയ്ക്ക് താൻ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും ബിനീഷ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ഇത് ട്രോളല്ല, യുവത്വത്തിന്റെ രാഷ്ട്രീയ ബോധം
ഇന്നത്തെ ഇന്ത്യയില്‍ ജോലി ചോദിച്ചാല്‍ പരിഹാസവും ഭരണകൂടത്തോട് ചോദ്യം ചോദിച്ചാല്‍ രാജ്യദ്രോഹി മുദ്രയുമാണ് ലഭിക്കുന്നതെന്ന് ബിനീഷ് കോടിയേരി കടുത്ത ഭാഷയില്‍ വിമർശിച്ചു. ഈ പശ്ചാത്തലത്തിലാണ് യുവാക്കള്‍ പുതിയ പ്രതിഷേധ മാർഗ്ഗങ്ങളുമായി രംഗത്തിറങ്ങുന്നത്. കോക്രോച്ച് ജനത പാർട്ടി മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ വെറുമൊരു സാധാരണ സംഗതിയല്ല, മറിച്ച് പുതിയ തലമുറയുടെ ഉയർന്ന രാഷ്ട്രീയ ബോധത്തിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂട്ടായ്മ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങള്‍ :
- വിരമിച്ച സുപ്രീംകോടതി ജഡ്ജിമാർക്ക് പദവികള്‍ നല്‍കരുത്.
- നിയമനിർമാണ സഭകളില്‍ സ്ത്രീകള്‍ക്ക് തുല്യ പ്രാതിനിധ്യം ഉറപ്പാക്കണം.
- മാധ്യമങ്ങള്‍ അധികാരത്തിന്റെ വക്താക്കളാകരുത്.
- ജനപ്രതിനിധികളായി ജയിച്ച ശേഷം പാർട്ടി മാറുന്ന രാഷ്ട്രീയ വ്യാപാരികളെ 20 വർഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണം.
- മിനിറ്റുകള്‍ക്കകം ആയിരക്കണക്കിന് ആളുകള്‍ വന്നുചേരുന്ന ഈ കൂട്ടായ്മ, ജെൻ സി ( Gen Z ) തലമുറയ്ക്ക് എത്രമാത്രം കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് തെളിയിക്കുന്നതാണെന്നും ബിനീഷ് പറഞ്ഞു.
' ചോദ്യങ്ങളെ ബാൻ ചെയ്യാനാകില്ല '
ഈ കൂട്ടായ്മയുടെ ശബ്ദങ്ങളെ ഭയപ്പെടുന്ന ഭരണകൂടം ഇതിനെ അടിച്ചമർത്താനാണ് നിലവില്‍ ശ്രമിക്കുന്നത്. കോക്രോച്ച് ജനത പാർട്ടിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ എല്ലാം തന്നെ ബാൻ ചെയ്യുകയും തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് ഇവരെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അടച്ചുപൂട്ടാമെങ്കിലും യുവാക്കളുടെ ചോദ്യങ്ങളെ ഇല്ലാതാക്കാൻ ഭരണകൂടത്തിന് സാധിക്കില്ലെന്ന് ബിനീഷ് ഓർമ്മിപ്പിച്ചു.
അണുബോംബ് വർഷിച്ചാലും ചവിട്ടിയരച്ചാലും വീണ്ടും എഴുന്നേല്‍ക്കുന്ന കോക്രോച്ചിനെപ്പോലെ (പാറ്റ) ഈ തലമുറയും കൂടുതല്‍ വ്യക്തതയോടെ തിരിച്ചുവരും. രാജ്യത്തെ സ്നേഹിക്കുന്നവർ എല്ലായ്പ്പോഴും അധികാരത്തെ കൈയടിക്കണമെന്നില്ല. ചോദ്യം ചെയ്യുന്ന യുവത്വം രാജ്യത്തിന് ഭീഷണിയല്ല, മറിച്ച് പ്രതീക്ഷയാണെന്ന് വ്യക്തമാക്കിയ ബിനീഷ് കോടിയേരി, ' Am also a cockroach ' എന്നത് നിശബ്ദരാകാൻ വിസമ്മതിക്കുന്ന ഒരു തലമുറയുടെ പ്രഖ്യാപനമാണെന്നും താനുമൊരു കോക്രോച്ചാണെന്നും പറഞ്ഞാണ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.