മാതാവുമായുള്ള അവിഹിത ബന്ധം കണ്ട എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന് മുഖം വികൃതമാക്കി; യുവാവ് പിടിയിൽ

എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മുപ്പത്തിയാറുകാരൻ പിടിയിൽ. ഡൽഹിയിലെ യമുന ഖാദറിലെ വനമേഖലയിൽ നിന്ന് ഈ മാസം പതിനെട്ടിനാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കേസിലെ പ്രതിയായ ബിഹാർ സ്വദേശി ബാദ്ഷാ എന്ന റിസ്വാൻ 20 വർഷം മുമ്പാണ് ജോലിക്കായി ഡൽഹിയിൽ എത്തിയത്. കശാപ്പുകാരനായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. മയക്കുമരുന്നിന് അടിമയായ പ്രതിക്ക് പെൺകുട്ടിയുടെ മാതാവുമായി ബന്ധമുണ്ടായിരുന്നെന്നും പൊലീസ് അറിയിച്ചു.

ഓഗസ്റ്റ് അഞ്ചിനാണ് മകളെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയത്. താനും ഭാര്യയും നാല് മക്കളും ജുഗ്ഗിയിലെ താമസസ്ഥലത്ത് ഉറങ്ങുകയായിരുന്നു. പുലർച്ചെ നാല് മണിയോടെ എട്ടുവയസുകാരിയായ മകളെ കാണാതായെന്നായിരുന്നു പരാതി. തുടർന്ന് പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. ഓഗസ്റ്റ് 18ന് ആടിനെ മേയ്ക്കാനിറങ്ങിയ രണ്ടുപേരാണ് യമുന ഖാദറിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പ്രതി പെൺകുട്ടിയുടെ കഴുത്തറുക്കുകയും, ആളെ തിരിച്ചറിയാതിരിക്കാൻ മുഖം വികൃതമാക്കുകയും ചെയ്തിരുന്നെന്ന് പൊലീസ് പറഞ്ഞു.