കൈകൾ കെട്ടി വായിൽ തുണി തിരുകിയ നിലയിൽ ദുരൂഹ സാഹചര്യത്തില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആമ്ബല്ലൂര്‍> വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അളഗപ്പനഗര്‍ എരിപ്പോട് ഇല്ലിക്കല്‍ അനിരുദ്ധന്റെ ഭാര്യ രാധ (69) ആണ് മരിച്ചത്.

വായില്‍ തുണി തിരുകിയും, കൈകള്‍ കെട്ടിയിട്ട നിലയിലുമാണ് മൃതദേഹം. ബുധനാഴ്ച രാവിലെയാണ് വീട്ടുപറമ്ബിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.

കൊച്ചുമകളോടൊപ്പം ഉറങ്ങിക്കിടന്ന രാധയെ രാവിലെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വീട്ടുകാര്‍ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. പുതുക്കാട് നിന്നെത്തിയ അഗ്നി രക്ഷ സേന മൃതദേഹം പുറത്തെടുത്തു. ഭര്‍ത്താവും മകനും ഉള്‍പ്പടെ ആറ് പേര്‍ വീട്ടിലുണ്ടായിരുന്നു.

വീടിനോട് വളരെ അടുത്തുള്ള കിണറ്റില്‍ വീണുള്ള മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കൈപ്പത്തികള്‍ ചേര്‍ത്തുള്ള കെട്ട് സ്വയം കെട്ടിയതാകാമെന്നാണ് പോലീസ് പറയുന്നത്. മൃതദേഹത്തില്‍ പരിക്കുകള്‍ ഇല്ലെന്നും, സ്വന്തം അടിവസ്ത്രമാണ് മൃതദേഹത്തിന്റെ വായില്‍ തിരുകിയിരിക്കുന്നതെന്നും ഡിവൈഎസ്പി സി ആര്‍ സന്തോഷ് പറഞ്ഞു. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പുതുക്കാട് പൊലീസ് കേസ്സെടുത്തു.