പാലക്കാട്: എലപ്പുള്ളിയിൽ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ വെട്ടിക്കൊന്നു. പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി ഏരിയ പ്രസിഡന്റ് സുബൈർ (47) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ജുമുഅ നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ പോകവെ രണ്ടു കാറുകളിലാണ് അജ്ഞാത സംഘം സുബൈറിനെ പിന്തുടർന്നത്. ആദ്യത്തെ കാർ ബൈക്ക് ഇടിച്ചുവീഴ്ത്തി. രണ്ടാമത്തെ കാറിൽനിന്നിറങ്ങിയ സംഘമാണ് വെട്ടിയത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു കൊലപാതകം.
വെട്ടേറ്റ സുബൈറിനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ ര ക്ഷിക്കാനായില്ല. ആർഎസ്എസാണ് കൃത്യത്തിന് പിന്നിലെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. രാഷ്ട്രീയവിരോധമാണ് കൊലപാതകത്തിന് കാരണമെന്നും നേതാക്കൾ പറഞ്ഞു.
ബൈക്കില്‍നിന്നു വീണ് സുബൈറിന്റെ പിതാവിന് പരിക്കു പറ്റിയിട്ടുണ്ട്. സുബൈറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ നവംബറില്‍ ആർഎസ്എസ് നേതാവ് സഞ്ജിത് കൊല്ലപ്പെട്ട സ്ഥലമാണ് എലപ്പുള്ളി. ഇതുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം നിലവിലെ സംഭവങ്ങൾക്ക് ഉണ്ടോ എന്നതിൽ വ്യക്തതയില്ല.