Advertisement
Contact us to Advertise here
വാഹനമിടിച്ച് മരണപ്പെട്ട വൃദ്ധയുടെ കഴുത്തിൽക്കിടന്ന സ്വർണ്ണമാല മോഷ്ടിച്ചയാളെയും, ഇടിച്ച വാഹനം ഓടിച്ചയാളെയും പിടികൂടി. മാലമോഷ്ടിച്ച അമ്പാട്ടുകാവ് മാങ്കായിപ്പറമ്പ് വീട്ടിൽ അനിൽകുമാർ (46), വാഹനം ഓടിച്ച പൊയ്ക്കാട്ടുശേരി ചുണ്ടംതുരുത്തിൽ അഭിരാം (22) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. 30 ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അമ്പാട്ടുകാവിൽ വച്ച് പത്തിനംതിട്ട സ്വദേശി തുളസി (65) യെ വാഹനമിടിച്ചത്. അമിത വേഗതയിൽ ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വൃദ്ധയെ ആശുപത്രിയിലെത്തിക്കാൻ അനിൽകുമാർ സ്വയം മുന്നോട്ടു വരികയും, അതുവഴി വന്ന കാറിൽ ആശുപത്രിയിൽ കൊണ്ടുപോവുകയും ചെയ്തു. യാത്രാമധ്യേ വൃദ്ധ മരണപ്പെട്ടു. മരണാനന്തര ചടങ്ങുകൾക്കിടയിലാണ് മാല കാണാതായ വിവരം ബന്ധുക്കൾ അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക പോലീസ് ടീം നടത്തിയ അന്വഷണമാണ് സംഭവത്തിൽ വഴിത്തിരിവായത്. പരിക്കേറ്റ് കിടക്കുമ്പോൾ വൃദ്ധയുടെ കഴുത്തിൽ മാലയുണ്ടായിരുന്നുവെന്നും ആശുപത്രിയിലെത്തിയപ്പോൾ മാല ഉണ്ടായിരുന്നില്ലെന്നും പോലീസ് കണ്ടെത്തി. തുടർന്നാണ് ആശുപത്രിയിലെത്തിക്കാൻ രംഗത്ത് വന്ന ആളിലേക്ക് അന്വേഷണം നീണ്ടതും പ്രതി പിടിയിലാകുന്നതും. യാത്രാമദ്ധ്യേ ഇയാൾ വൃദ്ധയുടെ മാല ഊരിയെടുക്കുകയായിരുന്നു.
ഇടിച്ച എയ്ഷർ വാഹനവുമായി ഡ്രൈവർ ഊടുവഴികളിലൂടെ കയറി പാതാളം ഏലൂർ വഴി രക്ഷപ്പെട്ടു. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ തൃപ്പൂണിത്തുറയിൽ നിന്നുമാണ് ഡ്രൈവറും വാഹനവും കസ്റ്റഡിയിലായത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക്, ഡി.വൈ.എസ്.പി പി.കെ ശിവൻ കുട്ടി, എസ്.എച്ച്.ഒ എൽ.അനിൽ കുമാർ, എസ്.ഐമാരായ എം.എസ്.ഷെറി, കെ.വി.ജോയി, എ.എസ്.ഐ എ.എം.ഷാഹി, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എച്ച്.ഹാരിസ് തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
Comments
0 comment