Advertisement
Contact us to Advertise here
ഇമാമിന്‍റെ പ്രസംഗവും പള്ളിയുടെ ചിത്രങ്ങളുമടക്കം ഷെയർ ചെയ്ത് ഇതാണ് റിയല്‍ കേരള സ്റ്റോറിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ നിറയുന്നത്.
'ആറ്റുകാല്‍ പൊങ്കാല വരുകയാണ്… നിങ്ങള്‍ക്ക് എല്ലാവർക്കും അറിയുന്നത് പോലെ പലനാട്ടില്‍ നിന്നായി സ്ത്രീകളും കുട്ടികളും അടക്കം അനേകം ഭക്തർ തിരുവനന്തപുരത്തു ഒഴുകിയെത്തും. അവരെ എല്ലാവരെയും നന്നായി സ്വീകരിക്കല്‍ നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. നമ്മളുടെ മസ്ജിദുകളും വീടുകളും അവർക്ക് വിശ്രമിക്കാനായി തുറന്നു കൊടുക്കുക.
നോമ്പ് ( റമദാൻ ) ആയത് കൊണ്ട് പകല്‍ സമയം നിങ്ങളുടെ വീട്ടില്‍ സാധാരണ പാനീയങ്ങളോ ഭക്ഷണമോ കാണില്ലല്ലോ. അതുകൊണ്ട് പൊങ്കാല ദിവസം പകല്‍ സമയം വരുന്നവർക്കായി ആവശ്യത്തിന് പാനീയങ്ങളും പറ്റുന്നവർ ഭക്ഷണവും ഒരുക്കിവെക്കാൻ പ്രതേകം ശ്രദ്ധിക്കണം.
ഇത്തരത്തിലൂടെയാണ് വിദ്വേഷത്തെയും ഇസ്ലാമോഫോബിയയേയും പ്രതിരോധിക്കാൻ സാധിക്കൂ എന്ന ബോധ്യം നമുക്കുണ്ടാകണം. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെ സന്ദർഭങ്ങള്‍ ജാതി മതവ്യത്യാസമില്ലാതെ നാം നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ അല്ലാഹു അവന്‍റെ പ്രീതിയിലേക്കായി മാറ്റും' - ഇന്ന് ജുമാ നമസ്കാര സമയത്ത് പാളയം പള്ളി ഇമാം സുഹൈബ് മൗലവി ആഹ്വാനം ചെയ്തത് ഇങ്ങനെയാണ്.
തിരുവനന്തപുരത്ത് പെണ്‍മയുടെ ഉത്സവത്തിനൊപ്പം മതമൈത്രിയുടെ സന്ദേശം പകരുന്ന ചടങ്ങുകൂടിയാണ് പൊങ്കാല മഹോത്സവം. പൊരിവെയിലത്ത് പൊങ്കാലയ്ക്കായി കാത്തുനില്‍ക്കുന്ന ഭക്തർക്കായി എല്ലാവർഷവും പാളയം മസ്ജിദും സെന്‍റ് ജോസഫ് പള്ളിയുടെയും വാതിലുകള്‍ തുറന്നിടാറുണ്ട്. പൊങ്കാലയിടുന്ന ഭക്തർക്കായി വിശ്രമിക്കാനും ശുചിമുറി ഉള്‍പ്പടെ ഒരുക്കാനുമായി പള്ളിയിലെ പ്രാർത്ഥനകളുടെ സമയക്രമം വരെ മാറ്റാറുണ്ട്.
പാളയം മസ്‌ജിദില്‍ അംഗ സ്‌നാനം ചെയ്യുന്ന സ്ഥലങ്ങളും ശുചി മുറികളും ഭക്തരുടെ സൗകര്യത്തിനായി ഒരുക്കിയിരുന്നു. പൊങ്കാലയര്‍പ്പിക്കാനെത്തുന്ന ഭക്തജനങ്ങള്‍ക്ക് സംഭാരവും കുടിവെള്ളവും ശുചിമുറിയും വിശ്രമിക്കാനുള്ള സൗകര്യവും പഴങ്ങളുമെല്ലാം ഇവർ സൗജന്യമായൊരുക്കാറുണ്ട്.
Comments
0 comment