Advertisement
Contact us to Advertise here
അതേസമയം വെള്ളക്കെട്ടിന് കാരണമായ വെള്ളം വന്നത് കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള ഓടകളില്‍ നിന്നല്ല എന്നാണ് മേയർ വിവി രാജേഷ് പ്രതികരിച്ചത്. വെള്ളക്കെട്ടിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ പാളിയെന്ന വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു മേയർ.
വെള്ളക്കെട്ടിനെ നേരിടാനുള്ള കോർപ്പറേഷൻ്റെ മുന്നൊരുക്കങ്ങള്‍ പാളിയിട്ടില്ല. തങ്ങളുടെ പരിധിയിലുള്ള 101 വാർഡുകളിലെയും ഓടകള്‍ വൃത്തിയാക്കിയിട്ടുണ്ട്. നഗരസഭ ഇടപെട്ടതുകൊണ്ടുമാത്രം കാര്യമില്ല. നാല് നാലര മാസം കൊണ്ട് ചെയ്യാൻ പറ്റുന്നത് ചെയ്തിട്ടുണ്ട്.
കോർപ്പറേഷന്‍റെ പരിധിയിലുള്ള 101 വാർഡിലും എല്ലാ ഓടകളും വൃത്തിയാക്കി. നഗരത്തില്‍ വെള്ളക്കെട്ടിന് കാരണമായ ഇപ്പോള്‍ ഉയർന്ന ഈ വെള്ളമൊക്കെ വരുന്നത് കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള ഓടകളില്‍ നിന്നല്ലെന്നും മേയർ വിവി രാജേഷ് പറഞ്ഞു.
നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ കിഴക്കേക്കോട്ട ബസ് സ്റ്റാൻഡും പഴവങ്ങാടി റോഡും തമ്പാനൂരും ചാക്കയുമെല്ലാം വെള്ളക്കെട്ടില്‍ മുങ്ങിയ നിലയിലായിരുന്നു. കാലവർഷം എത്തുന്നതിന് മുന്നേ ഈ സ്ഥിതിയിലായതോടെ ആശങ്കയിലാണ് തലസ്ഥാന നിവാസികള്‍. ആമയിഴഞ്ചാൻ തോടിൻ്റെ കൈവഴികള്‍ നിറഞ്ഞൊഴുകിയതും ഓടകളില്‍ മാലിന്യം വന്ന് മൂടിയതുമാണ് നഗരത്തെ ദുരിതത്തിലാക്കിയത്.
മഴക്കാലപൂർവ ശുചീകരണത്തിൻ്റെ പേരില്‍ പഴവങ്ങാടി ക്ഷേത്രത്തിനുസമീപം ആമയിഴഞ്ചാൻ തോടിൻ്റെ കരിങ്കല്‍ഭിത്തി പൊളിച്ച് ജെസിബികൊണ്ട് ചെളി കോരിയിരുന്നു. പൊളിച്ച ഭിത്തി ഒരുമാസത്തിലധികമായിട്ടും പുനർനിർമിച്ചില്ല. ഇതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകള്‍. ഇന്നലത്തെ മഴയില്‍, പൊളിഞ്ഞ ഭിത്തിവഴി മലിനജലം കരയിലേക്ക് ഒഴുകുകയായിരുന്നു.
വെള്ളത്തില്‍ റോഡിലേക്കെത്തിയ മാലിന്യം പരിസരമാകെ വ്യാപിച്ചു. ഓടയില്‍നിന്ന് കോരിയിട്ടിരുന്ന ചെളിയും മാലിന്യവും ഒഴുകിപ്പടർന്ന നിലയിലാണ്. പഴവങ്ങാടി ക്ഷേത്രപരിസരം, തകരപ്പറമ്പ്, രാമചന്ദ്ര ലെയ്ൻ, കിഴക്കേകോട്ട ബസ് സ്റ്റാൻഡ് എന്നിവിടങ്ങളില്‍ മലിനജലം കയറി. ഇതോടെ വഴിയോരക്കച്ചവടക്കാരും യാത്രക്കാരും ദുരിതത്തിലായി.
കിഴക്കേക്കോട്ടയില്‍ യാത്രക്കാർക്ക് നില്‍ക്കാൻ പോലും ഇടമില്ലാത്ത സാഹചര്യമാണ് ഉണ്ടായത്. പഴവങ്ങാടി ക്ഷേത്രത്തിന് മുന്നില്‍ മുട്ടിന് മുകളില്‍ വെള്ളം ഉയർന്നതോടെ സമീപത്തെ കടകളിലും വെള്ളം കയറി. ഒടുവില്‍ വെള്ളം ഒഴുകി പോകാനായി നാട്ടുകാർ ചേർന്ന് ഓടയില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്തു.
നഗരത്തില്‍ പലയിടത്തും ഗതാഗത തടസമുണ്ടായി. തമ്പാനൂർ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു. ചാക്ക എയർപോർട്ട് റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗത തടസമുണ്ടായി.
Comments
0 comment