Advertisement
Contact us to Advertise here
സെയിൽസ് പ്രൊമോഷൻ ജീവനക്കാരുടെ (SPEs) അവകാശങ്ങളും തൊഴിൽ സുരക്ഷയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാല് പ്രധാന ആവശ്യങ്ങൾ മുന്നോട്ടുവെച്ച് FMRAI. നിലവിലുള്ള തൊഴിൽ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നത് അവസാനിപ്പിക്കുക, നിശ്ചിത കാലയളവിലേക്കുള്ള നിയമനരീതി ( Fixed Term Employment ) ഒഴിവാക്കുക, നിയമപരമായ തൊഴിൽ ചട്ടങ്ങൾ രൂപീകരിക്കുക, തൊഴിലിടങ്ങളിൽ തടസ്സമില്ലാത്ത പ്രവേശനം ഉറപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
തൊഴിൽ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കരുത്
സെയിൽസ് പ്രൊമോഷൻ ജീവനക്കാർക്ക് നിലവിൽ ലഭിച്ചുവരുന്ന അവകാശങ്ങളിലും ആനുകൂല്യങ്ങളിലും തൊഴിലുടമകൾ വരുത്തുന്ന വെട്ടിക്കുറയ്ക്കലുകൾ അവസാനിപ്പിക്കണമെന്ന് FMRAI ആവശ്യപ്പെട്ടു. ശേഖരിച്ചുവെക്കാവുന്ന പ്രിവിലേജ് ലീവ് (PL) 180 ദിവസത്തിൽ നിന്ന് 120 ദിവസമായും, ലീവ് എൻകാഷ്മെന്റ് 120 ദിവസത്തിൽ നിന്ന് 90 ദിവസമായും കുറച്ചതായി സംഘടന ചൂണ്ടിക്കാട്ടി. തുടർച്ചയായി എടുക്കാവുന്ന കാഷ്വൽ ലീവ് 15 ദിവസത്തിൽ നിന്ന് അഞ്ച് ദിവസമായി പരിമിതപ്പെടുത്തിയതും ക്വാറന്റൈൻ അവധി 21 ദിവസത്തിൽ നിന്ന് ഏഴ് ദിവസമാക്കിയതും ജീവനക്കാരുടെ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണെന്ന് സംഘടന ആരോപിച്ചു. 1976 - ലെ സെയിൽസ് പ്രൊമോഷൻ എംപ്ലോയീസ് ആക്ട് അനുശാസിക്കുന്ന പ്രകാരമുള്ള നിയമന ഉത്തരവുകൾ പോലും ജീവനക്കാർക്ക് നൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
സ്ഥിരം ജോലികളിൽ നിശ്ചിതകാല നിയമനം വേണ്ട
സ്ഥിരസ്വഭാവമുള്ള ജോലികളിൽ നിശ്ചിത കാലയളവിലേക്കുള്ള നിയമനരീതി ( Fixed Term Employment ) നടപ്പാക്കുന്നത് ഒഴിവാക്കണമെന്നും FMRAI ആവശ്യപ്പെട്ടു. തൊഴിൽ കരാർ പുതുക്കിക്കിട്ടുന്നതിനായി തൊഴിലുടമകൾ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ അംഗീകരിക്കാൻ ജീവനക്കാർ നിർബന്ധിതരാകുന്ന സാഹചര്യം ഈ രീതി സൃഷ്ടിക്കുന്നുവെന്നാണ് സംഘടനയുടെ വിലയിരുത്തൽ.
നിയമപരമായ തൊഴിൽ ചട്ടങ്ങൾ രൂപീകരിക്കണം
സെയിൽസ് പ്രൊമോഷൻ ജീവനക്കാർക്കായി നിയമപരമായ തൊഴിൽ ചട്ടങ്ങൾ രൂപീകരിക്കണമെന്ന ആവശ്യവും സംഘടന ഉന്നയിച്ചു. 2017-ലെ ഇൻഡസ്ട്രിയൽ ട്രൈപാർട്ടൈറ്റ് കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായിട്ടും കേന്ദ്ര സർക്കാർ തുടർനടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. വ്യക്തമായ തൊഴിൽ ചട്ടങ്ങളുടെ അഭാവം ജീവനക്കാർക്ക് മേൽ അമിതവും യുക്തിരഹിതവുമായ തൊഴിൽ സമ്മർദങ്ങൾ അടിച്ചേൽപ്പിക്കുന്നതിനും നിരന്തര നിരീക്ഷണത്തിനും അശാസ്ത്രീയമായ ഡിജിറ്റലൈസേഷൻ നടപ്പാക്കുന്നതിനും തൊഴിലുടമകൾക്ക് അവസരമൊരുക്കുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി.
മെഡിക്കൽ പ്രതിനിധികൾക്ക് തൊഴിലിടങ്ങളിൽ പ്രവേശനം ഉറപ്പാക്കണം
മെഡിക്കൽ പ്രതിനിധികൾക്ക് ഡോക്ടർമാരെ സന്ദർശിച്ച് മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നതിനും പ്രചാരണം നടത്തുന്നതിനുമുള്ള അവകാശം സംരക്ഷിക്കണമെന്നും FMRAI ആവശ്യപ്പെട്ടു. 1954-ലെ ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിൾ അഡ്വർടൈസ്മെന്റ്സ്) ആക്ടും 1967-ലെ GSR-843 ഉത്തരവും സംബന്ധിച്ച വ്യവസ്ഥകൾ സർക്കാർ തന്നെ ലംഘിക്കുന്ന സാഹചര്യമുണ്ടെന്നാണ് സംഘടനയുടെ ആരോപണം. രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാർക്ക് മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് മെഡിക്കൽ പ്രതിനിധികൾക്ക് നിയമപരമായ അവകാശങ്ങളുണ്ടെന്നും സംഘടന വ്യക്തമാക്കി.
ഈ നാല് ആവശ്യങ്ങളും അംഗീകരിച്ച് സെയിൽസ് പ്രൊമോഷൻ ജീവനക്കാരുടെ തൊഴിൽ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് FMRAI യുടെ ആവശ്യം.
Comments
0 comment