Advertisement
Contact us to Advertise here
എറണാകുളം വൈപ്പിൻ എടവനക്കാട് സ്വദേശിയായ ജാസ്‌ലിയ, അങ്കമാലി മോണിങ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം കുടുംബത്തെ സഹായിക്കാൻ പാർട്ട് ടൈം ജോലി കൂടി ചെയ്തിരുന്ന ജാസ്‌ലിയ, ഫെബ്രുവരി 28 - ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അങ്കമാലി ടെല്‍ക് ജംഗ്ഷനില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരണത്തിന് കീഴടങ്ങിയത്. കാറിടിച്ചതിനെത്തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജാസ്‌ലിയയെ അങ്കമാലിയിലെയും പിന്നീട് രാജഗിരി ആശുപത്രിയിലെയും ഡോക്ടർമാർ തീവ്രമായി പരിശ്രമിച്ചെങ്കിലും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല.
ചൊവ്വാഴ്ച പുലർച്ചെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ, മകളുടെ വേർപാടില്‍ തളർന്നുനില്‍ക്കുമ്പോഴും അവയവദാനമെന്ന മഹത്തായ തീരുമാനമെടുക്കാൻ പിതാവ് ജോണ്‍സണും കുടുംബവും തയ്യാറാവുകയായിരുന്നു.
ജാസ്‌ലിയയുടെ കരള്‍ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും, വൃക്ക കോട്ടയം മെഡിക്കല്‍ കോളേജിലേക്കും, നേത്രപടലം അങ്കമാലി ഐ ബാങ്ക് അസോസിയേഷനും കൈമാറി. ഇതോടെ മരണശേഷവും നാലുപേരിലൂടെ ജാസ്‌ലിയ ഈ ലോകത്ത് ജീവിക്കും.
പഠനത്തിലും സ്പോർട്സിലും ഒരുപോലെ തിളങ്ങിയ ജാസ്‌ലിയ യൂണിവേഴ്സിറ്റി തലത്തില്‍ നിരവധി മെഡലുകള്‍ നേടിയ പ്രതിഭയായിരുന്നു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉള്‍പ്പെടെയുള്ള പ്രമുഖർ ജാസ്‌ലിയയ്ക്ക് ആദരാഞ്ജലികള്‍ അർപ്പിക്കുകയും ആ ദുഃഖകരമായ സാഹചര്യത്തിലും അവയവദാനത്തിന് തയ്യാറായ കുടുംബത്തെ അഭിനന്ദിക്കുകയും ചെയ്തു. ജോണ്‍സണ്‍-ലിമ ദമ്പതികളുടെ മകളായ ജാസ്‌ലിയയുടെ സഹോദരൻ ജാസിൻ ആണ്.
Comments
0 comment