Advertisement
Contact us to Advertise here
രോഗബാധ സ്ഥിരീകരിച്ച രാജ്യങ്ങളുടെ അതിർത്തികള്‍ ഭേദിച്ച്, മറ്റ് പ്രദേശങ്ങളിലേക്ക് വരെ അതിവേഗം പടരാൻ എബോളയുടെ ഒരൊറ്റ കേസ് മതിയെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കയിലെ റീജിയണല്‍ ഡയറക്ടർ ഡോ. മുഹമ്മദ് യാക്കൂബ് ജനാബി വ്യക്തമാക്കി. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ഓർമ്മിപ്പിച്ചത്.
പ്രതിരോധിക്കാൻ വാക്സിനുകളില്ല ; ' ബുണ്ടിബുഗ്യോ ' വകഭേദം അതീവ അപകടകാരി
നിലവിലെ എബോള വ്യാപനത്തെ, പ്രത്യേകിച്ച് 'ബുണ്ടിബുഗ്യോ' (Bundibugyo) എന്ന വകഭേദത്തില്‍പെട്ട വൈറസ് ബാധയെ നിസ്സാരമായി കാണുന്നത് വലിയൊരു ദുരന്തത്തിന് കാരണമായേക്കാമെന്ന് യാക്കൂബ് ജനാബി പറഞ്ഞു. സാധാരണയായി കാണപ്പെടുന്ന എബോള വകഭേദങ്ങള്‍ക്ക് വാക്സിൻ ലഭ്യമാണെങ്കിലും, നിലവില്‍ പടർന്നുപിടിക്കുന്ന ബുണ്ടിബുഗ്യോ വകഭേദത്തിനെതിരെ അംഗീകൃത വാക്സിനുകളോ പ്രത്യേക ചികിത്സയോ ലഭ്യമല്ല എന്നതാണ് ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹം പരസ്പരം സഹകരിച്ച് പ്രവർത്തിച്ചാല്‍ മാത്രമേ രോഗവ്യാപനത്തെ നിയന്ത്രണവിധേയമാക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമീപകാലത്ത് ആഗോളതലത്തില്‍ വലിയ ചർച്ചയായ ഹന്താ വൈറസ് (Hantavirus) വ്യാപനത്തിന് ലഭിച്ചത്ര അന്താരാഷ്ട്ര ശ്രദ്ധ എബോളയ്ക്ക് ലഭിക്കുന്നില്ലെന്ന് യാക്കൂബ് ജനാബി ചൂണ്ടിക്കാട്ടി.
" സമ്പർക്കത്തിലൂടെ പകരുന്ന ഒരൊറ്റ കേസ് മതി നമ്മെയെല്ലാം ഒരേപോലെ അപകടത്തിലാക്കാൻ. അതിനാല്‍ ലോകരാജ്യങ്ങള്‍ എബോളയ്ക്ക് അർഹമായ പ്രാധാന്യവും ശ്രദ്ധയും നല്‍കണം. അതാണ് എന്റെ ആഗ്രഹവും പ്രാർത്ഥനയും." എന്ന് WHO ആഫ്രിക്കൻ റീജിയണല്‍ ഡയറക്ടറായ ഡോ. മുഹമ്മദ് യാക്കൂബ് ജനാബി പറയുന്നു.
മരണസംഖ്യ ഉയരുന്നു ; കോംഗോയിലും ഉഗാണ്ടയിലും കനത്ത ജാഗ്രത
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ( DRC ), അയല്‍രാജ്യമായ ഉഗാണ്ട എന്നിവിടങ്ങളിലാണ് നിലവില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കോംഗോ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, എബോള ബാധിച്ചെന്ന് സംശയിക്കുന്നവരുടെ മരണസംഖ്യ 160 ആയി ഉയർന്നു.
നിലവില്‍ രോഗബാധയുണ്ടെന്ന് സംശയിക്കുന്ന 670 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 61 കേസുകളില്‍ എബോള സ്ഥിരീകരിച്ചു കഴിഞ്ഞു. അയല്‍രാജ്യമായ ഉഗാണ്ടയിലും രണ്ട് കേസുകള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
സ്ഥിതിഗതികളുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് മെഡിക്കല്‍ വിദഗ്ധർ ഇപ്പോഴും വിലയിരുത്തുകയാണെന്നും, അതിനാല്‍ നിലവിലെ രോഗവ്യാപനം എത്രകാലം നീണ്ടുനില്‍ക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാകില്ലെന്നും ജനാബി വ്യക്തമാക്കി.
ആഫ്രിക്കൻ മേഖലകളില്‍ ജനങ്ങളുടെ നിരന്തരമായ യാത്രകള്‍ കാരണം രോഗബാധയുടെ കൃത്യമായ തോത് കൃത്യമായി മനസ്സിലാക്കാൻ പ്രയാസമുണ്ടാക്കുന്നുണ്ട്. എങ്കിലും പരിശോധനകള്‍ വർധിപ്പിക്കാനും, രോഗബാധ തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ ശക്തമാക്കാനും ജനപങ്കാളിത്തം ഉറപ്പാക്കാനുമുള്ള തീവ്രശ്രമത്തിലാണ് ലോകാരോഗ്യ സംഘടനയെന്ന് അദ്ദേഹം അറിയിച്ചു.
Comments
0 comment