Advertisement
Contact us to Advertise here
നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂണ്‍ 6 - ന് സിജെപി നടത്താനിരിക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനാണ് ദിപ്‌കെ ഇന്ത്യയില്‍ എത്തുന്നത്. താന്‍ ഡല്‍ഹിയില്‍ എത്തുമ്പോള്‍ വിമാനത്താവളത്തില്‍ വരണമെന്ന് സിജെപിയെ പിന്തുണയ്ക്കുന്നവരോട് അഭിജിത് ദിപ്‌കെ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഈ ആഹ്വനത്തിന് ലഭിച്ച ജനപിന്തുണ തങ്ങളുടെ പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നുവെന്ന് സിജെപി എക്‌സില്‍ കുറിച്ചു.
വിമാനത്താവളത്തില്‍ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടുന്നത് സര്‍വീസുകളെ ബാധിക്കുമെന്നും യാത്രക്കാര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും സിജെപി വ്യക്തമാക്കി.
ഇത്രയധികം ആളുകള്‍ ഒരേ സമയം വിമാനത്താവളത്തില്‍ ഒത്തുകൂടുന്നത് പ്രായോഗികമല്ല. പൊതുജനങ്ങള്‍ക്കും സുരക്ഷാ സേനയ്ക്കും പ്രയാസങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ ദയവായി ആരും ഡല്‍ഹി എയര്‍പോര്‍ട്ടിലേക്ക് വരരുതെന്നും പാര്‍ട്ടി ഔദ്യോഗികമായി അറിയിച്ചു.
ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയ ശേഷം ദിപ്‌കെ നേരെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് പോകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജന്തര്‍ മന്ദിറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധ പ്രകടനത്തിന് നേരിട്ട് അനുമതി വാങ്ങുന്നതിന് വേണ്ടിയാണിത്. പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ സമാധാനാന്തരീക്ഷം പാലിക്കണമെന്നും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന രീതിയിലുള്ള യാതൊരു നടപടികളും ഉണ്ടാകരുതെന്നും പാര്‍ട്ടി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തങ്ങള്‍ നിയമം അനുസരിക്കുന്ന പൗരന്മാരാണെന്ന് വ്യക്തമാക്കിയ ദിപ്‌കെ, ഈ സമരത്തെ തകര്‍ക്കാനും അപകീര്‍ത്തിപ്പെടുത്താനും എതിരാളികള്‍ അവസരം കാത്തിരിക്കുകയാണെന്നും അതിന് വഴിമരുന്നിട്ടു കൊടുക്കരുതെന്നും അണികളോട് ആവശ്യപ്പെട്ടു. വളരെ ആത്മനിയന്ത്രണത്തോടെയും നിയമപരമായും മാത്രമേ പ്രതിഷേധം നടത്താവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments
0 comment