Advertisement
Contact us to Advertise here
ആദ്യം ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ട് ഗോളുകളടിച്ചാണ് റൊണാള്‍ഡോയും സംഘവും മുന്നോട്ടേക്ക് പോയത്. അവസാന മിനുട്ടില്‍ ക്രൊയേഷ്യ ഗോളടിച്ചെങ്കിലും അത് ഓഫ്സെെഡ് കെണിയില്‍ അകപ്പെട്ടതോടെയാണ് പോർച്ചുഗല്‍ രക്ഷപെട്ടു. പ്രീ ക്വാർട്ടറില്‍ കരുത്തരായ സ്പെയിനെയാണ് പോർച്ചുഗല്‍ നേരിടാൻ പോകുന്നത്.
4-2-3-1 ഫോർമേഷനില്‍ ബൂട്ടണിഞ്ഞ പോർച്ചുഗലിനെ അതേ ഫോർമേഷനിലാണ് ക്രൊയേഷ്യയും നേരിട്ടത്. രണ്ട് ടീമുകളും തുടക്കം മുതല്‍ മികച്ച ആക്രമണമാണ് കാഴ്ചവെച്ചത്. ആദ്യ സമയത്ത് പോർച്ചുഗല്‍ ആക്രമണത്തില്‍ മുന്നിട്ട് നിന്നപ്പോള്‍ പതിയെ ക്രൊയേഷ്യയും താളം കണ്ടെത്തി. ഇതോടെ മത്സരം ആവേശകരമായി. നാലാം മിനുട്ടില്‍ത്തന്നെ പോർച്ചുഗലിന്റെ ബ്രൂണോ ഫെർണാണ്ടസിന് സുവർണ്ണാവസരം.
എന്നാല്‍ താരത്തിന്റെ ഷോട്ട് ഗോളി തടുത്തു. റീബൗണ്ട് പന്തില്‍ വിറ്റിഞ്ഞയും ഗോള്‍ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഏഴാം മിനുട്ടില്‍ പോർച്ചുഗലിന്റെ ജാവോ കാൻസെലോയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി. 16ാം മിനുട്ടില്‍ പോർച്ചുഗലിന്റെ റൂബൻ ഡിയാസിന്റെ മുന്നേറ്റം. പക്ഷെ ഇതും ലക്ഷ്യത്തിലേക്ക് എത്തുന്നില്ല. 18ാം മിനുട്ടില്‍ ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച് ബോക്സിലേക്ക് ക്രോസ് നല്‍കുന്നു.
പക്ഷെ പന്ത് കൃത്യമായി പ്രതിരോധ നിര തടുത്തു. 23ാം മിനുട്ടില്‍ പോർച്ചുഗലിന്റെ ജാവോ നെവസ് ബോക്സിലേക്ക് ക്രോസ് നല്‍കിയെങ്കിലും ഇത് പ്രതിരോധിക്കപ്പെട്ടു. 34ാം മിനുട്ടില്‍ ബ്രൂണോ ഫെർണാണ്ടസ് ബോക്സിലേക്ക് നല്‍കിയ ക്രോസ് പ്രതിരോധിക്കപ്പെട്ടതോടെ പോർച്ചുഗലിന് അനുകൂലമായി കോർണർ. പക്ഷെ ഇതും ഗോളാക്കി മാറ്റാനാവുന്നില്ല.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലേക്ക് പന്തെത്താതിരിക്കാനുള്ള കൃത്യമായ ശ്രമം ക്രൊയേഷ്യൻ താരങ്ങളില്‍ നിന്നുണ്ടാകുന്നു. ലഭിച്ച അവസരങ്ങളെ മുതലാക്കാൻ റൊണാള്‍ഡോക്കും സാധിച്ചില്ല. ഫ്രീകിക്ക് ലഭിച്ചപ്പോള്‍ റൊണാള്‍ഡോക്ക് ലക്ഷ്യം കണ്ടെത്താനായില്ല. ക്രൊയേഷ്യ നീളൻ പാസുകളിലൂടെ പോർച്ചുഗല്‍ ബോക്സിലേക്ക് ആക്രമിക്കാനുള്ള ശ്രമമാണ് നടത്തിയത്. എങ്കിലും പോർച്ചുഗലിന്റെ തുടർ ആക്രമണത്തിന് മുന്നില്‍ ക്രൊയേഷ്യക്ക് പ്രതിരോധത്തിലേക്ക് ഒതുങ്ങേണ്ടി വന്നു.
ആദ്യ പകുതിയില്‍ ഇരു ടീമിന്റേയും ആക്രമണങ്ങള്‍ ലക്ഷ്യം കാണാതെ ഇരുന്നതോടെ ഗോള്‍രഹിത സമനിലയോടെ പിരിയേണ്ടി വന്നു. 69% പന്തടക്കത്തിലും മൂന്നിനെതിരേ ഒമ്പത് ഷോട്ടുകളുമായി ആക്രമണത്തിലും പോർച്ചുഗല്‍ മുന്നിട്ട് നിന്നെങ്കിലും ഗോള്‍ അകന്ന് നിന്നു.
രണ്ടാം പകുതിയുടെ തുടക്കം തന്നെ പോർച്ചുഗല്‍ മുന്നേറ്റം. റാഫേല്‍ ലിയാവോ റൊണാള്‍ഡോക്ക് പാസ് നല്‍കാൻ ശ്രമിച്ചതോടെ പ്രതിരോധം തടുത്തു. 47ാം മിനുട്ടില്‍ ക്രൊയേഷ്യൻ മുന്നേറ്റം. മാറ്റിയോ കൊവാസിച്ചിന്റെ ഷോട്ട് പോർച്ചുഗല്‍ ഗോളി തട്ടിയകറ്റി. 49ാം മിനുട്ടില്‍ നിക്കോളാ വ്ലാസിച്ചിന്റെ പോർച്ചുഗല്‍ പോസ്റ്റിലേക്കുള്ള ലോങ് ഷോട്ട്. പക്ഷെ പന്ത് പുറത്തേക്ക് പോകുന്നു. രണ്ടാം പകുതിയില്‍ ആക്രമണം കടുപ്പിച്ച ക്രൊയേഷ്യ 53ാം മിനുട്ടില്‍ വലകുലുക്കി.
ഇവാൻ പെരിസിച്ചാണ് ക്രൊയേഷ്യക്കായി വല കുലുക്കിയത്. പോർച്ചുഗല്‍ പ്രതിരോധത്തിന്റെ വീഴ്ച്ചയും ഈ ഗോളിന് കാരണമായി. 56ാം മിനുട്ടില്‍ ക്രൊയേഷ്യ വീണ്ടും വലകുലുക്കി. പക്ഷെ നിർഭാഗ്യവശാല്‍ ഓഫ്സെെഡായി അത് മാറി. 57ാം മിനുട്ടില്‍ പോർച്ചുഗലിന്റെ റാഫേല്‍ ലിയാവോയുടെ മിന്നല്‍ ഷോട്ട് പോസ്റ്റിലടിച്ച് മടങ്ങി. 59ാം മിനുട്ടില്‍ ക്രൊയേഷ്യയുടെ പീറ്റർ സുസിച്ചിന്റെ ഷോട്ട് പോർച്ചുഗല്‍ ഗോളി തടുത്തു.
61ാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ പോർച്ചുഗലിന്റെ ഗോള്‍. പക്ഷെ അത് ഓഫ്സെെഡായി. 65ാം മിനുട്ടില്‍ പോർച്ചുഗലിന് അനുകൂലമായി പെനല്‍റ്റി. 67ാം മിനുട്ടില്‍ കിക്കെടുത്ത റൊണാള്‍ഡോ വലകുലുക്കിയതോടെ മത്സരം 1-1 സമനിലയിലേക്ക്. നോക്കൗട്ട് മത്സരങ്ങളില്‍ ഗോള്‍ നേടിയിട്ടില്ലെന്ന ചീത്തപ്പേര് മാറ്റാനും റൊണാള്‍ഡോക്ക് സാധിച്ചു.
75ാം മിനുട്ടില്‍ മാറ്റിയോ കൊവാസിച്ചിന്റെ ഷോട്ട് പോസ്റ്റിലടിച്ച് മടങ്ങിയപ്പോള്‍ റീബൗണ്ടിലെ ഷോട്ട് പോർച്ചുഗല്‍ ഗോളി തടുത്തു. തുടർച്ചയായി ആക്രമണം അഴിച്ചുവിട്ട് ക്രൊയേഷ്യ. പോർച്ചുഗല്‍ പ്രതിരോധത്തിനും ഗോളിക്കും പണി കൂടുന്നു. 80ാം മിനുട്ടില്‍ ക്രൊയേഷ്യ വലകുലുക്കിയെങ്കിലും അത് ഓഫ്സെെഡാകുന്നതോടെ പോർച്ചുഗല്‍ രക്ഷപെടുന്നു. 80ാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിൻവലിക്കുന്നു. പകരം റൂബൻ നെവസ് കളത്തിലേക്ക്.
86ാം മിനുട്ടില്‍ പോർച്ചുഗലിന് അനുകൂലമായി കോർണർ. പക്ഷെ പന്ത് വലയിലെത്തിക്കാനായില്ല. 88ാം മിനുട്ടില്‍ ക്രൊയേഷ്യൻ മുന്നേറ്റം. മരിയോ പസാലിച്ചിന്റെ ഹെഡ്ഡർ പോസ്റ്റിന് പുറത്തേക്ക്. കാത്തിരിപ്പിനൊടുവില്‍ പോർച്ചുഗലിന് ലീഡ്. എക്സ്ട്രാ ടെെമിന്റെ നാലാം മിനുട്ടില്‍ ഗോണ്‍സാലോ റാമോസിന്റെ ഹെഡർ ഗോളിലാണ് പോർച്ചുഗലിന്റെ ലീഡ്. റാഫേല്‍ ലിയാവോയുടെ ക്രോസിലാണ് ഈ ഗോള്‍ പിറന്നത്. 63ാം മിനുട്ടില്‍ പകരക്കാരനായി വന്ന താരമാണ് ഗോണ്‍സാലോ റാമോസ്.
എന്നാല്‍ എക്സ്ട്രാ ടെെമിന്റെ 12ാം മിനുട്ടില്‍ ക്രൊയേഷ്യക്കായി ജോസ്കോ ഗ്വാർഡിയോള്‍ ഗോള്‍ നേടിയെങ്കിലും ഓഫ്സെെഡായതോടെ പോർച്ചുഗല്‍ രക്ഷപെട്ടു. ഇതോടെ ഫെെനല്‍ വിസില്‍ മുഴങ്ങിയതോടെ 2-1 ന്റെ ജയം പോർച്ചുഗലിനൊപ്പം.
Comments
0 comment