menu
വിജയ്‌ക്കൊപ്പം ചേര്‍ന്ന കോണ്‍ഗ്രസിന് തിരിച്ചടി ; ഡിഎംകെ പണികൊടുത്തു, ഇന്ത്യ സഖ്യ യോഗത്തിനില്ല
വിജയ്‌ക്കൊപ്പം ചേര്‍ന്ന കോണ്‍ഗ്രസിന് തിരിച്ചടി ; ഡിഎംകെ പണികൊടുത്തു, ഇന്ത്യ സഖ്യ യോഗത്തിനില്ല

Advertisement

Flotila

Contact us to Advertise here

ചെന്നൈ : തമിഴ്‌നാട്ടില്‍ വിജയ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് പിന്തുണ നല്‍കിയ കോണ്‍ഗ്രസിന് തിരിച്ചടി. കോണ്‍ഗ്രസ് വിളിച്ചു ചേര്‍ന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ ഡിഎംകെ പങ്കെടുക്കില്ല.

ഇന്ത്യ സഖ്യത്തിലെ പ്രധാന കക്ഷിയാണ് ഡിഎംകെ. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസും ഡിഎംകെയും രണ്ട് വഴിക്ക് നടന്നതോടെയാണ് ഇന്ത്യ സഖ്യം തളരുന്നത്. കോണ്‍ഗ്രസുമായി വേദി പങ്കിടില്ല എന്നാണ് ഡിഎംകെയുടെ തീരുമാനം.


അതിനിടെ ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുമായി ബിജെപി നേതൃത്വം ബന്ധപ്പെട്ടു എന്ന് റിപ്പോര്‍ട്ടുണ്ട്. മണ്ഡല പുനര്‍നിര്‍ണയ ബില്ല് പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ ചര്‍ച്ച. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി ഇന്ത്യ സഖ്യത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ തയ്യാറായിരിക്കെയാണ് എംകെ സ്റ്റാലിന്‍ ഉടക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.


ജൂണ്‍ 8 ന് ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ പ്രതിപക്ഷ സഖ്യയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഡിഎംകെ തീരുമാനിച്ചു. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ സാഹചര്യത്തിലുണ്ടായ നാടകീയമായ മാറ്റമാണ് ഈ അകല്‍ച്ചക്ക് കാരണം. പതിറ്റാണ്ടുകള്‍ നീണ്ട പങ്കാളിത്തം രാഷ്ട്രീയ ലാഭത്തിനായി കോണ്‍ഗ്രസ് ഉപേക്ഷിച്ചുവെന്ന് ഡിഎംകെ പരസ്യമായി ആരോപിച്ചു.


ഈ വിള്ളല്‍ പാര്‍ലമെന്റിലും ദൃശ്യമായിരുന്നു. കോണ്‍ഗ്രസുമായുള്ള ബന്ധം പിരിഞ്ഞതിന് ശേഷം ഡിഎംകെ എംപി കനിമൊഴി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതിയത് ശ്രദ്ധേയമാണ്. ഡിഎംകെ എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടങ്ങള്‍ വേണമെന്നായിരുന്നു കത്തിലെ ആവശ്യം. ഇന്ത്യ മുന്നണിക്കുള്ളിലെ ഭിന്നതയുടെ ആദ്യത്തെ സൂചനയായി ഈ നീക്കം വിലയിരുത്തപ്പെട്ടു.


ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനെതിരെ സംയുക്ത തന്ത്രം മെനയുന്നതിനും പ്രധാന രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി പ്രതിപക്ഷ ഏകോപനം ശക്തിപ്പെടുത്തുന്നതിനും ജൂണ്‍ 8 ന് ദേശീയ തലസ്ഥാനത്ത് ഇന്ത്യ മുന്നണിയിലെ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേരുമെന്ന് അറിയിച്ചിരുന്നു. ഏകദേശം 15 പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുക്കുമെന്നു കരുതുന്ന ഈ യോഗം കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ വെച്ച്‌ നടക്കാനാണ് സാധ്യത.


പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തൃണമൂല്‍ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും നിര്‍ണായകമായ ഈ പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും നേതൃത്വത്തിനെതിരെ തിരിഞ്ഞ് അഭൂതപൂര്‍വമായ ആഭ്യന്തര സംഘര്‍ഷങ്ങളെ നേരിടുമ്പോഴും അവര്‍ യോഗത്തിനെത്തുമെന്നാണ് വിവരം. തൃണമൂല്‍ നേതാക്കള്‍ക്കെതിരായ ആക്രമണ വിഷയവും ഇന്ത്യ മുന്നണിയിലെ മറ്റ് ഘടകകക്ഷികളുടെ പിന്തുണ തേടാനുള്ള സാധ്യതയും മമത ബാനര്‍ജി യോഗത്തില്‍ ഉന്നയിച്ചേക്കാം.


ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരും യോഗത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. ആം ആദ്മി പാര്‍ട്ടി പങ്കെടുക്കില്ലെന്നാണ് കരുതപ്പെടുന്നത്.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations