ശനിയാഴ്ച ടെലിവിഷൻ പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത സമയത്താണ് മസൂദ് പെഷസ്കിയാൻ ഇറാന് മറ്റ് രാജ്യങ്ങളിലേക്ക് അധിനിവേശത്തിനുള്ള പദ്ധതികളില്ലെന്ന് വ്യക്തമാക്കിയത്.
ഇറാനെ സമീപ രാജ്യങ്ങള്‍ നേരിട്ട് ആക്രമിക്കാത്ത പക്ഷം സമീപ രാജ്യങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാവില്ലെന്നാണ് ഇറാന്റെ താല്‍ക്കാലിക നേതൃത്വ കൌണ്‍സില്‍ തീരുമാനമെന്നാണ് മസൂദ് പെഷസ്കിയാൻ വിശദമാക്കിയത്. സമീപകാലത്ത് ഇറാന്റെ ആക്രമണത്തിന് ഇരയായ രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും മസൂദ് പെഷസ്കിയാൻ ടെലിവിഷൻ പ്രസ്താവനയില്‍ വിശദമാക്കി.
ഇസ്രയേല്‍, യുഎസ് ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാൻ നിരന്തര ആക്രമണം നടത്തിയതിന് പിന്നാലെയാണ് ക്ഷമാപണം. ഇറാൻ ആക്രമണം നടത്തിയത് പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രത്യാക്രമണം ആയിരുന്നുവെന്നും മസൂദ് പെഷസ്കിയാൻ വിശദമാക്കി.
നിരുപാധികം കീഴടങ്ങണമെന്ന ഇറാന്റെ ആവശ്യം മസൂദ് പെഷസ്കിയാൻ വീണ്ടും തള്ളി. മറ്റ് രാജ്യങ്ങളെ ആക്രമിക്കാൻ ടെഹ്‌റാനു ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അയല്‍രാജ്യങ്ങള്‍ക്കെതിരെ ഇനി ആക്രമണങ്ങള്‍ ഉണ്ടാവില്ലെന്നും, ആ രാജ്യങ്ങളില്‍ നിന്ന് ഇറാന് നേരെ ആക്രമണം ഉണ്ടാകാത്ത പക്ഷം മിസൈല്‍ വിക്ഷേപണങ്ങള്‍ നടത്തില്ലെന്നും താല്‍ക്കാലിക നേതൃത്വ സമിതി അറിയിച്ചതായും മസൂദ് പെഷസ്കിയാൻ പറഞ്ഞു.
അടുത്തിടെ നടന്ന ആക്രമണങ്ങളില്‍ ബാധിക്കപ്പെട്ട പ്രാദേശിക സർക്കാരുകളോടും മസൂദ് പെഷസ്കിയാൻ ക്ഷമാപണം നടത്തി. ഞങ്ങള്‍ നിരുപാധികം കീഴടങ്ങുമെന്ന അവരുടെ സ്വപ്നങ്ങള്‍ അവർക്ക് ശ്മശാനത്തിലേക്ക് കൊണ്ടുപോകാമെന്നും മസൂദ് പെഷസ്കിയാൻ കൂട്ടിച്ചേർത്തു.
അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്നതോടൊപ്പം തന്നെ അയല്‍രാജ്യങ്ങള്‍ക്ക് ഉറപ്പ് നല്‍കാനുമുള്ള ടെഹ്‌റാനിന്റെ ശ്രമമായാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.