Advertisement
Contact us to Advertise here
വോട്ടർ പട്ടികയില്‍ നിന്ന് ഹിന്ദു വോട്ടുകള്‍ വ്യാപകമായി വെട്ടിമാറ്റപ്പെട്ടുവെന്ന് മുഖ്യമന്ത്രി തന്നെ ആരോപിക്കുമ്പോള്‍, എങ്ങനെയാണ് 320 സീറ്റുകള്‍ നേടുമെന്ന് ഇത്ര ഉറപ്പോടെ പറയാനാകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പവൻ ഖേര ചോദിച്ചു.
ലഖ്‌നൗവില്‍ നടന്ന 'ന്യൂസ് 18 റൈസിംഗ് ഭാരത് സമ്മിറ്റില്‍' സംസാരിക്കവെയാണ് 403 അംഗ നിയമസഭയില്‍ എ.ൻ.ഡിഎ സഖ്യം 320-ലധികം സീറ്റുകള്‍ നേടി തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് യോഗി ആദിത്യനാഥ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ട പവൻ ഖേര രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.
കോണ്‍ഗ്രസിന്‍റെ പ്രധാന വിമർശനങ്ങള്‍
"അവർക്ക് 320 സീറ്റുകള്‍ ലഭിക്കുമോ ? അതോ 100 സീറ്റുകള്‍ കുറയുമോ ? ആരായിരിക്കും മുഖ്യമന്ത്രി ? വോട്ടർ പട്ടികയില്‍ നിന്ന് ഹിന്ദു വോട്ടുകള്‍ വെട്ടിമാറ്റപ്പെട്ടുവെന്നാണ് യോഗി ആദിത്യനാഥ് തന്നെ ആരോപിക്കുന്നത്.
എന്നിട്ടും 320 സീറ്റുകള്‍ ലഭിക്കുമെന്ന് പറയുന്നതിനർത്ഥം എന്തോ ധാരണകള്‍ നടന്നിട്ടുണ്ടെന്നും, ഫലം എന്താകുമെന്ന് അവർക്ക് മുൻകൂട്ടി അറിയാമെന്നുമാണ്," പവൻ ഖേര ആരോപിച്ചു.
ഉത്തർപ്രദേശിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (SIR) പിന്നാലെ 1.27 കോടിയോളം ഹിന്ദു വോട്ടർമാരെ പട്ടികയില്‍ നിന്ന് കാണാതായെന്ന് യോഗി ആദിത്യനാഥ് നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍, ബുധനാഴ്ച നടന്ന പരിപാടിയില്‍ വോട്ടർ പട്ടികയുടെ 'ശുദ്ധി' ഉറപ്പാക്കാൻ ഈ പരിഷ്കരണം സ്വാഗതാർഹമാണെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഈ നിലപാടുമാറ്റത്തെയും കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നു.
Comments
0 comment