Advertisement
Contact us to Advertise here
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലക്കയറ്റവും, മിഡില്‍ ഈസ്റ്റിലെ സംഘർഷങ്ങള്‍ മൂലം എല്‍പിജി ഇറക്കുമതിയില്‍ നേരിടുന്ന വെല്ലുവിളികളും കണക്കിലെടുത്താണ് ഈ കർശന നീക്കം. 2026 - ലെ പുതുക്കിയ പെട്രോളിയം പ്രകൃതി വാതക നയപ്രകാരം, പൈപ്പ് ലൈൻ സൗകര്യം ലഭ്യമായിട്ടും അത് ഉപയോഗിക്കാത്തവർക്ക് ഇനി സിലിണ്ടറുകള്‍ ലഭിക്കില്ല.
3 മാസത്തെ കർശന സമയപരിധി
പുതിയ ഉത്തരവ് പ്രകാരം, നിങ്ങളുടെ പ്രദേശത്ത് പിഎൻജി കണക്ഷൻ ലഭ്യമാണെങ്കില്‍ ഗ്യാസ് കമ്പനികള്‍ നിങ്ങള്‍ക്ക് ഔദ്യോഗികമായി അറിയിപ്പ് നല്‍കും. ഇത്തരത്തില്‍ നോട്ടിഫിക്കേഷൻ ലഭിച്ചാല്‍ കൃത്യം മൂന്ന് മാസത്തിനുള്ളില്‍ നിങ്ങള്‍ പിഎൻജി കണക്ഷനിലേക്ക് മാറിയിരിക്കണം. ഈ സമയപരിധി കഴിഞ്ഞാല്‍ ആ ഉപഭോക്താവിന്റെ എല്‍പിജി കണക്ഷൻ റദ്ദാക്കപ്പെടുകയും സിലിണ്ടർ വിതരണം നിർത്തുകയും ചെയ്യും. പൈപ്പ് ഗ്യാസ് സംവിധാനം കാര്യക്ഷമമാക്കാനും ഇറക്കുമതി ചെയ്യുന്ന ചെലവേറിയ ഇന്ധനത്തിന് പകരമായി ആഭ്യന്തര പ്രകൃതി വാതക ഉപയോഗം വർദ്ധിപ്പിക്കാനുമാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.
ഓണ്‍ലൈനായി അപേക്ഷിക്കാം
നിങ്ങളുടെ പ്രദേശത്തെ ഗ്യാസ് കമ്പനിയുടെ ( ഉദാ : അദാനി ഗ്യാസ്, ഗെയില്‍ ഗ്യാസ്, അല്ലെങ്കില്‍ ഐഒസിഎല്‍ ) വെബ്‌സൈറ്റിലോ ആപ്പിലോ കയറി അപേക്ഷിക്കാം. വെബ്‌സൈറ്റിലെ ' New Connection ' എന്നതില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പേര്, വിലാസം, ഫോണ്‍ നമ്പർ എന്നിവ നല്‍കുക. ആധാർ കാർഡിന്റെയും വീട്ടുനികുതി രസീതിന്റെയോ ( അല്ലെങ്കില്‍ കറന്റ് ബില്ല് ) ഫോട്ടോ അപ്‌ലോഡ് ചെയ്യുക. രജിസ്‌ട്രേഷൻ ഫീസ് ഓണ്‍ലൈനായി അടയ്ക്കുക.
എന്തുകൊണ്ട് സിലിണ്ടർ ഉപേക്ഷിക്കണം ?
എല്‍പിജി സിലിണ്ടറുകളെ അപേക്ഷിച്ച് ഉപഭോക്താക്കള്‍ക്ക് സാമ്പത്തികമായും സുരക്ഷാപരമായും നിരവധി നേട്ടങ്ങള്‍ പിഎൻജി നല്‍കുന്നുണ്ട്.
വൻ ലാഭം: സാധാരണ എല്‍പിജി സിലിണ്ടറുകളെ അപേക്ഷിച്ച് 20 മുതല്‍ 30 ശതമാനം വരെ കുറഞ്ഞ ചിലവില്‍ പിഎൻജി ലഭ്യമാകും. ഇത് ഒരു ശരാശരി കുടുംബത്തിന് വലിയൊരു തുക ലാഭിക്കാൻ സഹായിക്കും.
തടസ്സമില്ലാത്ത ലഭ്യത: സിലിണ്ടർ ബുക്ക് ചെയ്യാനോ അത് വീട്ടിലെത്താൻ കാത്തിരിക്കാനോ ഉള്ള ബുദ്ധിമുട്ട് ഇനി വേണ്ട. പൈപ്പ് വഴി 24 മണിക്കൂറും പാചകവാതകം ലഭ്യമാകും.
സുരക്ഷാ മുൻഗണന: വായുവിനേക്കാള്‍ ഭാരം കുറഞ്ഞതാണ് പിഎൻജി. അതിനാല്‍ അപ്രതീക്ഷിതമായി ചോർച്ചയുണ്ടായാല്‍ അത് വേഗത്തില്‍ അന്തരീക്ഷത്തില്‍ കലർന്നുപോകും. ഇത് വലിയ സ്ഫോടനങ്ങള്‍ ഒഴിവാക്കാൻ സഹായിക്കുന്നു.
ബില്ലിംഗ് സൗകര്യം: മുൻകൂറായി പണം അടയ്‌ക്കേണ്ടതില്ല. വൈദ്യുതി ബില്ല് പോലെ നിങ്ങള്‍ മാസം എത്ര ഗ്യാസ് ഉപയോഗിച്ചോ അതിന് മാത്രം പണം നല്‍കിയാല്‍ മതി.
നടപടികള്‍ വേഗത്തിലാക്കാൻ ഗവണ്‍മെന്റ് ഇടപെടല്‍
പൈപ്പ് ലൈൻ പ്രവൃത്തികള്‍ വേഗത്തിലാക്കാൻ ഹൗസിംഗ് സൊസൈറ്റികള്‍ക്കും വില്ല അസോസിയേഷനുകള്‍ക്കും സർക്കാർ കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. പൈപ്പ് ലൈൻ കമ്പനികള്‍ അനുമതി തേടിയാല്‍ 48 മുതല്‍ 72 മണിക്കൂറിനുള്ളില്‍ ബന്ധപ്പെട്ട അധികൃതർ അനുമതി നല്‍കണം. അല്ലാത്തപക്ഷം അത് 'ഡീംഡ് പെർമിഷൻ' ആയി കണക്കാക്കി പ്രവൃത്തി തുടങ്ങാൻ കമ്പനികള്‍ക്ക് അവകാശമുണ്ടാകും. നഗരങ്ങളിലെ ഫ്ലാറ്റുകളിലും വില്ലകളിലും കണക്ഷൻ നല്‍കുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീക്കാനാണ് ഈ നിർദ്ദേശം.
നഗരപ്രദേശങ്ങളില്‍ പിഎൻജി വ്യാപകമാക്കുന്നതിലൂടെ മിച്ചം വരുന്ന എല്‍പിജി സിലിണ്ടറുകള്‍ പൈപ്പ് ലൈൻ സൗകര്യം ഒട്ടും എത്താത്ത ഉള്‍നാടൻ ഗ്രാമങ്ങളിലേക്ക് എത്തിക്കാനാണ് സർക്കാർ പദ്ധതിയെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നു.
പാചക വാതക സബ്‌സിഡി ഭാരം കുറയ്ക്കാനും ഇന്ധന സ്വയംപര്യാപ്തത കൈവരിക്കാനുമുള്ള ഇന്ത്യയുടെ നീക്കത്തില്‍ നിങ്ങളുടെ പങ്കാളിത്തവും ഇനി അനിവാര്യമാണ്. പൈപ്പ് ലൈൻ സൗകര്യം നിങ്ങളുടെ പടിക്കല്‍ എത്തിയിട്ടുണ്ടെങ്കില്‍ താമസിയാതെ തന്നെ പിഎൻജിയിലേക്ക് മാറാൻ തയ്യാറെടുക്കുക.
Comments
0 comment