എക്‌സിറ്റ് പോളുകള്‍ക്ക് വിലക്ക് ; ലംഘിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം വരെ തടവ് ; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : ഈ മാസം നടക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍, ഏപ്രില്‍ 9 രാവിലെ 7 മണി മുതല്‍ ഏപ്രില്‍ 29 വൈകുന്നേരം 6.30 വരെ എക്സിറ്റ് പോളുകള്‍ നടത്തുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ വിലക്ക് ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

എക്സിറ്റ് പോളുകള്‍ സംപ്രേഷണം ചെയ്യുന്നത് ജനപ്രാതിനിധ്യ നിയമത്തിലെ 126 A വകുപ്പിന്റെ ലംഘനമാണെന്നും രണ്ട് വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.


കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ ഏപ്രില്‍ 9 ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍, തമിഴ്നാട്ടില്‍ ഏപ്രില്‍ 23 നാണ് തെരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളില്‍, ഏപ്രില്‍ 23, 29 തീയതികളിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിലും പുതുച്ചേരിയിലും വൈകീട്ട് ആറ് മണിക്ക് പരസ്യപ്രചാരണം അവസാനിക്കുമ്പോള്‍ അസമില്‍ അഞ്ച് മണിയോടെ പരസ്യപ്രചാരണം സമാപിച്ചു. ഇനിയുള്ള 48 മണിക്കൂര്‍ നിശബ്ദ പ്രചാരണമാണ്.


അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ മേയ് നാലിന് നടക്കും. മേയ് ആറിനകം തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നേരത്തെ അറിയിച്ചിരുന്നു.


No exit polls from 7 am of April 9 till 6.30 pm of April 29: EC ahead of elections