Advertisement
Contact us to Advertise here
ഏറെ കാത്തിരിപ്പിനു ശേഷം രാജ്യം 5ജി നെറ്റ്‌വർക്ക് സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിനാഘോഷ പ്രസംഗത്തിലും രാജ്യത്തെ ടെക്നോളജി മുന്നേറ്റത്തെക്കുറിച്ചായിരുന്നു കൂടുതലും പറഞ്ഞത്. ഇതിനിടെ വരാനിക്കുന്ന 5ജി വിപണി മുന്നിൽകണ്ട് റിലയൻസ് ജിയോ ഉടൻ തന്നെ പുതിയ സ്മാർട് ഫോൺ അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന 5ജി ഫോൺ ആയിരിക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യയിൽ 5ജി നെറ്റ്‌വർക്ക് സജീവമാകുന്നതോടെ കൂടുതൽ കമ്പനികളുടെ 5ജി സ്മാർട് ഫോണുകളും വന്നേക്കും. തിരഞ്ഞെടുത്ത നഗരങ്ങളിൽ ഓഗസ്റ്റിൽ ജിയോയും എയർടെലും 5ജി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ജിയോയുടെ 5ജി ഫോൺ ഇന്ത്യയിൽ എപ്പോൾ അവതരിപ്പിക്കുമെന്നതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. എന്നാൽ കുറഞ്ഞ വിലയ്ക്ക് 5ജി ഫോണും കൂടെ 5ജി ഡേറ്റയും ലഭ്യമാക്കി മുകേഷ് അംബാനിയുടെ ജിയോ രാജ്യത്ത് വീണ്ടും ‘ഫ്രീ സൂനാമി’ കൊണ്ടുവന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ ഇന്ത്യ സുപ്രധാനമായ 5ജി കാലഘട്ടത്തിലേക്കു കടക്കുകയാണ്. രാജ്യത്തെ പ്രധാന ടെലികോം സേവനദാതാക്കള്‍ ഓഗസ്റ്റില്‍ത്തന്നെ ചില നഗരങ്ങളിലെങ്കിലും 5ജി പ്രക്ഷേപണം തുടങ്ങും. ഈ അതിവേഗ ഡേറ്റാ പ്രക്ഷേപണം സ്വീകരിക്കാന്‍ ശേഷിയുള്ളതായിരിക്കും റിലയന്‍സ് ജിയോ സമ്പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിച്ച ഫോണ്‍ എന്നു പറയുന്നു. ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഫോണിനൊപ്പം ഡേറ്റാ പാക്കേജും ജിയോ പ്രഖ്യാപിക്കും. രണ്ടും ഒരുമിച്ചു വാങ്ങുകയാണെങ്കില്‍ ഫോണിന്റെ വില ഏകദേശം 2500 രൂപ മാത്രമായിരിക്കാമെന്ന് പറയുന്നു.
അതേസമയം, ഇതു പോലെ പ്രതീക്ഷ ഉയര്‍ത്തിയ ഉപകരണങ്ങളിലൊന്നായിരുന്നു ജിയോഫോണ്‍ നെക്‌സ്റ്റ്. അത് വില താഴ്ത്തി വില്‍ക്കാനുളള ശ്രമം വിജയിച്ചില്ലെന്നുള്ളതും ഓര്‍മിക്കണം. കൂടാതെ, 2500 രൂപയ്ക്ക് ഫോണ്‍ വാങ്ങാന്‍ സാധിച്ചാലും അത് ഉപയോഗിക്കുന്നതിന് നിരവധി നിബന്ധനകളും ഉണ്ടായേക്കുമെന്നും കരുതുന്നു. ( ഉദാഹരണത്തിന് ജിയോയുടെ സിം അല്ലാതെ മറ്റു സിമ്മുകള്‍ ഉപയോഗിക്കാനായേക്കില്ല. അല്ലെങ്കില്‍ മാറ്റാനാകാത്ത ഇസിം (eSIM) ആയിരിക്കാം.)
Comments
0 comment