Advertisement
Contact us to Advertise here
ഫെബ്രുവരിക്ക് ശേഷം ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 113 ഡോളറിലെത്തിയതും, ഹോർമുസ് കടലിടുക്ക് അടഞ്ഞതുമാണ് പ്രധാന തിരിച്ചടി.
ഇതോടെ ഇന്ത്യൻ എണ്ണക്കമ്പനികള്‍ക്ക് ഗള്‍ഫ് മേഖലയ്ക്ക് പുറത്തുനിന്ന് ഉയർന്ന നിരക്കില്‍ ക്രൂഡ് വാങ്ങേണ്ട സാഹചര്യം രൂപപ്പെട്ടു. ചരക്കുഗതാഗത ചെലവും കുത്തനെ ഉയർന്നിട്ടുണ്ട്. യുദ്ധത്തിന് മുമ്പ് ഇന്ത്യയുടെ മൊത്തം ക്രൂഡോയില്‍ ഇറക്കുമതിയിലെ പകുതിയിലധികവും ഹോർമുസ് വഴിയായിരുന്നു നടന്നിരുന്നത്. നിലവില്‍ ചില കമ്പനികള്‍ ബാരലിന് 140 ഡോളർ വരെ നല്‍കിയാണ് ക്രൂഡ് സ്വന്തമാക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍. ഉത്പാദനച്ചെലവിനെക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഇന്ധനവും ഗാർഹിക പാചകവാതകവും വില്‍ക്കുന്നതെന്ന് പൊതുമേഖല എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം വലിയ സാമ്പത്തികഭാരമാണ് കമ്പനികള്‍ നേരിടുന്നതെന്നാണ് വിലയിരുത്തല്‍.
നിലവില്‍ ഒരു ലിറ്റർ പെട്രോളിന് ഏകദേശം 24 രൂപയും ഡീസലിന് 30 രൂപയും വരെ നഷ്ടമുണ്ടാകുന്നതായി എണ്ണക്കമ്പനികള്‍ കണക്കാക്കുന്നു. അതിനാല്‍ നഷ്ടത്തിന്റെ ഒരു ഭാഗമെങ്കിലും ഉപഭോക്താക്കള്‍ക്ക് കൈമാറാൻ വിലവർദ്ധന അനിവാര്യമാണെന്ന നിലപാടിലാണ് കമ്പനികള്‍. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തില്‍ കേന്ദ്ര സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്ന പ്രതീക്ഷയും ശക്തമാണ്.
ഇതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും എണ്ണ ഇറക്കുമതി ചെലവിനെ കൂടുതല്‍ ബാധിച്ചു. ഇതോടെ ആകെ ഇറക്കുമതി ചെലവ് 20 ശതമാനത്തിലേറെ ഉയർന്നുവെന്നാണ് കണക്ക്. നിലവിലെ സാഹചര്യത്തില്‍ പെട്രോള്‍ ലിറ്ററിന് 3 മുതല്‍ 5 രൂപ വരെ വർദ്ധിക്കാമെന്നാണ് വിപണി വിലയിരുത്തല്‍.
ഗാർഹിക പാചകവാതക രംഗത്തും വലിയ നഷ്ടമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നടപ്പുവർഷം മാത്രം ഏകദേശം 80,000 കോടി രൂപയുടെ വില്‍പ്പന നഷ്ടം ഉണ്ടാകുമെന്നാണ് കണക്ക്.
Comments
0 comment