Advertisement
Contact us to Advertise here
മൂവാറ്റുപുഴ : ജർമ്മനിയിലെ മ്യൂണിക്കിൽ വെള്ളത്തിൽ വീണ സഹയാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി വൈദികൻ തടാകത്തിൽ മുങ്ങി മരിച്ചു. സി.എസ്.ടി സഭാംഗമായ ഫാ. ബിനു (ഡൊമിനിക്) കുരീക്കാട്ടിലാണ് ചൊവ്വാഴ്ച്ച റേഗൻസ്ബുർഗിലുള്ള തടാകത്തിൽ അപകടത്തിൽപ്പെട്ടത്. ബവേറിയ സംസ്ഥാനത്തെ ഷ്വാർസാഹ് ജില്ലയിലുള്ള ലേക്ക് മൂർണറിൽ വൈകിട്ട് ആറേകാലോടെയാണ് അപകടം നടന്നത്. ഒരാൾ തടാകത്തിൽ നീന്തുകയും മുങ്ങിത്താഴുകയും ചെയ്യുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. കോതമംഗലം രൂപതയിൽപ്പെട്ട പൈങ്ങോട്ടൂർ ഇടവകാംഗമായ ഫാ. ബിനു ആലുവ സി.എസ്.ടി പ്രൊവിൻസിൻറെ ഭാഗമായ റേഗൻസ്ബർഗ് രൂപതയിലാണ് കഴിഞ്ഞ 10 വർഷത്തിലേറെയായി സേവനം അനുഷ്ടിക്കുന്നത്.
ഉടൻ തന്നെ പൊലീസിലും റസ്‌ക്യു സേനയിലും വിവരം അറിയിച്ചു. ഇവർ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഇന്നലെ വൈകുന്നേരം 4.30ഓടെ അപകടം നടന്ന സ്ഥലത്തിന് സമീപത്തുനിന്നും മൃതദേഹം കണ്ടെത്തി. ഇൻക്വസ്റ്റ് ചെയ്തശേഷം മ്യൂണികിലെ സ്വകാര്യ മോർച്ചറിയിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആറ് ദിവസത്തിനകം നാട്ടിലെത്തിക്കാൻ കഴിയുമെന്ന് സിഎസ്ടി സഭാധികൃതർ അറിയിച്ചു.
പൈങ്ങോട്ടൂർ കുരീക്കാട്ടിൽ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ ആറ് മക്കളിൽ ഇളയയാളാണ്. സഹോദരങ്ങൾ : സെലിൻ, മേരി, ബെന്നി, ബിജു, ബിന്ദു.
Comments
0 comment