menu
വീടുകള്‍ക്കുള്ളില്‍ പാമ്പുകള്‍ പ്രവേശിക്കുന്നതിന് മൂന്നോ നാലോ പ്രധാന കാരണങ്ങളാണുള്ളത് ; പാമ്പുകടിയേറ്റാല്‍ തുണി ഉപയോഗിച്ച്‌ മുറുക്കിക്കെട്ടരുത്, പകരം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം ; വിദഗ്ദര്‍ പറയുന്നതിങ്ങനെ
വീടുകള്‍ക്കുള്ളില്‍ പാമ്പുകള്‍ പ്രവേശിക്കുന്നതിന് മൂന്നോ നാലോ പ്രധാന കാരണങ്ങളാണുള്ളത് ; പാമ്പുകടിയേറ്റാല്‍ തുണി ഉപയോഗിച്ച്‌ മുറുക്കിക്കെട്ടരുത്, പകരം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം ; വിദഗ്ദര്‍ പറയുന്നതിങ്ങനെ

Advertisement

Flotila

Contact us to Advertise here

കടുത്ത വേനല്‍ വന്നതോടെ പാമ്പ് കടിയേറ്റുള്ള അപകടങ്ങളുടേയും മരണങ്ങളുടേയും വാർത്ത വർധിച്ച്‌ വരികയാണ്. ഇന്ന് പുലർച്ചെയാണ് ചിറയൻകീഴില്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന രണ്ടാം ക്ലാസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചത്.

ആഴൂർ മൂലയില്‍ വീട്ടില്‍ ദിലീപ് - അനു ദമ്പതികളുടെ മകൻ ദിക്ഷല്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ മാതാപിതാക്കളോടൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു ദിക്ഷല്‍. ഇന്ന് പുലർച്ചെ കാലില്‍ എന്തോ കടിച്ചെന്ന് പറഞ്ഞ് കുട്ടി കരഞ്ഞുകൊണ്ട് ഉണരുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ രക്ഷിതാക്കളോട് കാലില്‍ എന്തോ കടിച്ചത് പോലെ തോന്നുന്നു എന്ന് കുട്ടി പറഞ്ഞു. ഉടൻ തന്നെ രക്ഷിതാക്കള്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


കോടാലി മറ്റത്തൂരില്‍ പാമ്പുകടിയേറ്റ് ആല്‍ജോ എന്ന എട്ടുവയസുകാരൻ മരിച്ച വീട്ടില്‍നിന്നും ഇന്നലെയും പാമ്ബിനെ കണ്ടെത്തി. ശംഖുവരയൻ ഇനത്തില്‍ പെട്ട പാമ്പിനെത്തന്നെയാണ് കണ്ടെത്തിയത്. കുട്ടിക്ക് കടിയേറ്റ അതേ മുറിയില്‍ നിന്നുതന്നെയാണ് പാമ്പിനെ കണ്ടെത്തിയിരുന്നത്. ആല്‍ജോയേയും സഹോദരൻ 10 വയസുകാരൻ അലോജിനും ഉറക്കത്തിനിടെയാണ് കടിയേറ്റത്.


മൂർഖൻ, വെള്ളിക്കെട്ടൻ, ചേനത്തണ്ടൻ മുതലായ വിഷപ്പാമ്പുകളുടെ കുഞ്ഞുങ്ങള്‍ ജനിക്കുന്ന സമയമാണ് വേനല്‍ക്കാലം. തണുത്തതും ഈർപ്പമുള്ളതുമായ സ്ഥലങ്ങളില്‍ പാമ്പുകളുടെ ശല്യം കൂടുന്നത് സാധാരണമാണ്. അത്കൊണ്ട് പ്രത്യേകം ശ്രദ്ധവേണം.


വീടുകള്‍ക്കുള്ളില്‍ പാമ്പുകള്‍ പ്രവേശിക്കുന്നതിനുള്ള കാരണങ്ങളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും ഫോറസ്റ്റ് വാച്ചർ ബിജിലേഷ് കേരളടൈംസിനോട് വിശദീകരിച്ചു. കഴിഞ്ഞ വർഷം കേരളത്തില്‍ 26 ഓളം പേരാണ് പാമ്പ്‌കടിയേറ്റ് മരിച്ചതെന്ന് ബിജിലേഷ്‌ പറയുന്നു. കേരളത്തില്‍ പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വർധിക്കുന്നതിന് പ്രധാന കാരണം നമ്മുടെ ശ്രദ്ധക്കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


വീടിനകത്തേക്ക് പാമ്പുകള്‍ എത്തുന്നതിന് മൂന്നോ നാലോ പ്രധാന കാരണങ്ങളുണ്ട്. വീട്ടിലേക്ക് കൊണ്ടുപോകുന്നവ വഴി പാമ്പുകള്‍ അകത്ത് കയറാം. അതില്‍ പ്രധാനം വസ്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധയാണ്. പുറത്ത് ഉണങ്ങാനിടുന്ന വസ്ത്രങ്ങള്‍ കുടഞ്ഞു വൃത്തിയാക്കാതെ നേരിട്ട് ബെഡിലേക്കോ മറ്റോ കൊണ്ടുപോയി ഇടുന്നത് വഴി അതിനുള്ളില്‍ ചുരുണ്ടിരിക്കുന്ന പാമ്പുകള്‍ വീടിനുള്ളിലെത്താൻ ഇടയാക്കും. ആഹാരം തേടിയും പാമ്പുകള്‍ വീട്ടിലെത്താം. വീട്ടിലെ എലികളെ മറ്റും പിന്തുടർന്നും അകത്ത് കയറാം. 


മറ്റൊരു പ്രധാന കാരണം വീടിനോട് ചേർന്ന് വളരുന്ന മരച്ചില്ലകളും വള്ളിച്ചെടികളുമാണ്. ജനലുകളിലേക്കോ ഭിത്തിയിലേക്കോ ഇത്തരം ചെടികള്‍ വഴി പാമ്പുകള്‍ എത്താം. ചൂടുകാലത്ത് തണുപ്പുള്ള സ്ഥലങ്ങളിലേക്ക് ഇവ പോവും. വെള്ളിക്കെട്ടൻ കടിച്ചാല്‍ പുകച്ചിലോ കടച്ചിലോ ഉണ്ടാവില്ലെന്നും ബിജിലേഷ് പറഞ്ഞു.


പാമ്പുകടിയേറ്റാല്‍ സ്വയം ചികിത്സയ്ക്കോ പ്രഥമ ശുശ്രൂഷയ്ക്കോ മുതിരാതെ എത്രയും വേഗം ആന്റിവെനം ലഭ്യമായ ആശുപത്രിയില്‍ എത്തിക്കണമെന്ന് ഫോറസ്റ്റ് ഓഫീസർ റോഷ്നി പറഞ്ഞു. മൂർഖൻ കടിച്ചാല്‍ പെട്ടെന്ന് തിരിച്ചറിയാൻ ആവുമെന്നും കടുത്ത വേദനയും നീരും അനുഭവപ്പെടുമെന്നും അതിന് ശേഷമാണ് ഛർദ്ദി, ബോധക്ഷയം എന്നിവയും ഉണ്ടാവുന്നതെന്ന് അവർ പറയുന്നു. ഒരുപാട് ലക്ഷണങ്ങള്‍ ശരീരം കാണിക്കും. 


അത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ആന്റിവെനം ലഭിക്കുന്ന ആശുപത്രിയില്‍ എത്തിക്കണം. വെള്ളിക്കട്ടൻ ( ശംഖുവരയൻ ) പോലെയുള്ള പാമ്പുകളുടെ കടി ഉറക്കത്തില്‍ അറിയാൻ കഴിയില്ല. ചെറിയ എന്തെങ്കിലും കടിച്ചത് പോലെ തോന്നിയാല്‍ പോലും ഉടൻ വൈദ്യസഹായം തേടണം.


പ്രഥമ ശുശ്രൂഷ ചെയ്യരുത്. കടിയേറ്റ ഭാഗത്തിന് മുകളില്‍ കയറോ തുണിയോ ഉപയോഗിച്ച്‌ മുറുക്കിക്കെട്ടുന്നത് പോലുള്ള പഴയ രീതികള്‍ ഒഴിവാക്കണം. മുറിവില്‍ പ്രഷർ കൊടുക്കാനോ മറ്റ് പരീക്ഷണങ്ങള്‍ക്കോ നില്‍ക്കരുത്. രോഗിയെ ശാന്തനാക്കി എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുക എന്നതാണ് പ്രധാനം. 


എല്ലാ സർക്കാർ ആശുപത്രികളിലും പ്രധാന സ്വകാര്യ ആശുപത്രികളിലും ആന്റിവെനം ലഭ്യമാണ്. പോകുന്ന വഴിക്ക് തന്നെ ആശുപത്രിയില്‍ വിളിച്ച്‌ മരുന്ന് ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നത് സമയം ലാഭിക്കാൻ സഹായിക്കും. " സർപ്പ " ( SARPA ) ആപ്ലിക്കേഷൻ വഴി ആന്റിവെനം ലഭ്യമായ അടുത്തുള്ള ആശുപത്രികള്‍ കണ്ടെത്താൻ സാധിക്കുമെന്നും അവർ പറഞ്ഞു.


പാമ്പുകടിയേറ്റാല്‍ ഭയപ്പെടാതെയും സമയം കളയാതെയും കൃത്യസമയത്ത് ചികിത്സ നല്‍കിയാല്‍ ജീവൻ രക്ഷിക്കാനാവുമെന്നും കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രത വേണമെന്നും റോഷ്നി ഓർമ്മിപ്പിച്ചു.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations