Advertisement
Contact us to Advertise here
മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നേടിയ വൻ വിജയം മുൻനിർത്തി അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന നിലപാടിലാണ് മുസ്ലിം ലീഗ്. പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന സ്ക്വാഡില്‍ എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, കെ.എം. ഷാജി എന്നിവർക്ക് പുറമെ കോഴിക്കോട്, കാസർകോട് ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കും ഇടം നല്‍കാനാണ് ലീഗ് ആലോചിക്കുന്നത്. മണ്ണാർക്കാട് നിന്ന് തുടർച്ചയായി വിജയിക്കുന്ന എൻ. ഷംസുദ്ദീൻ, കുന്നമംഗലത്ത് അട്ടിമറി വിജയം നേടിയ എം.എ. റസാഖ് മാസ്റ്റർ എന്നിവരുടെ പേരുകള്‍ക്കാണ് മുൻഗണന.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനങ്ങളും ഒരു ചീഫ് വിപ്പ് പദവിയുമാണ് മുന്നണിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന എംഎല്‍എമാരുടെ യോഗത്തില്‍ മോൻസ് ജോസഫിനെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തു.
മോൻസ് ജോസഫ്, അപ്പു ജോസഫ് എന്നിവരെ മന്ത്രിമാരാക്കാനാണ് പ്രാഥമിക ധാരണ. മുതിർന്ന നേതാവായ തോമസ് ഉണ്ണിയാടനെ ചീഫ് വിപ്പ് പദവി നല്‍കി പരിഗണിക്കാനും പാർട്ടിയില്‍ ആലോചനയുണ്ട്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പാർട്ടിക്കുണ്ടായിരുന്ന അതെ പ്രാതിനിധ്യം ഇത്തവണയും വേണമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ പ്രധാന ആവശ്യം.
മന്ത്രിസഭാ രൂപീകരണത്തില്‍ പ്രാദേശിക പരിഗണനകള്‍ക്കും സമുദായ സമവാക്യങ്ങള്‍ക്കും ഒപ്പം തന്നെ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്ന കാര്യത്തിലും ചർച്ചകള്‍ നടക്കുന്നുണ്ട്. മുസ്‌ലിം ലീഗില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തിയ ഫാത്തിമ തഹിലിയയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും, സീനിയർ നേതാക്കളുടെ നീണ്ട നിര പരിഗണിക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ അതിനുള്ള സാധ്യത കുറവാണെന്നാണ് സൂചന. മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നാലുടൻ വകുപ്പുകള്‍ സംബന്ധിച്ച വിഭജനത്തിലേക്ക് മുന്നണി കടക്കും.
Comments
0 comment