Advertisement
Contact us to Advertise here
കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ട് കാരണം ജീവിതം പ്രതിസന്ധിയിലെന്ന് പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി. ജിഷയുടെ കൊലപാതകത്തെ തുടർന്ന് സര്‍കാരില്‍ നിന്നും ജനങ്ങളില്‍ നിന്നും ലഭിച്ച പണമെല്ലാം തീര്‍ന്നുവെന്നാണ് രാജേശ്വരി പറയുന്നത്. ഇപ്പോള്‍ ഹോംനഴ്‌സായി ജോലി ചെയ്തും നാട്ടുകാരുടെ സഹായത്തോടെയുമാണ് ജീവിക്കുന്നതെന്നും ജീവിതം പ്രതിസന്ധിയിലാണെന്നും രാജേശ്വരി വ്യക്തമാക്കുന്നു.
2016 ഏപ്രില്‍ 28നാണ് വീടിനുള്ളിൽവെച്ച് നിയമവിദ്യാർഥി കൂടിയായ ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജിഷയുടെ കൊലപാതകത്തെ തുടർന്നാണ് പുറമ്പോക്കിലെ വീട്ടിലെ ശോചനീയാവസ്ഥ കണ്ട് രാജേശ്വരിക്ക് സഹായവുമായി നിരവധി പേര്‍ എത്തിയത്. 2016 മെയ് മുതല്‍ 2019 സെപ്തംബര്‍ വരെ രാജേശ്വരിയുടെയും എറണാകുളം ജില്ലാ കലക്ടറുടെയും പേരിലുള്ള ജോയിന്റ് അകൗണ്ടില്‍ 40,31,359 രൂപയാണ് ലഭിച്ചത്. ഇതില്‍ 11.5 ലക്ഷത്തിലധികം രൂപ ചിലവഴിച്ചാണ് വീട് നിര്‍മിച്ചത്. രാജേശ്വരിയുടെ ആവശ്യപ്രകാരം ബാക്കി തുക അവരുടെ അകൗണ്ടിലേക്ക് ജില്ലാ ഭരണകൂടം മാറ്റി നൽകുകയും ചെയ്തു.
ജിഷയുടെ കൊലപാതകത്തെ തുടർന്ന് ശാരീരികവും മാനസികവുമായി തളർന്ന അവസ്ഥയിലായിരുന്നു രാജേശ്വരി. ഇതോടെ നിത്യരോഗിയായി മാറിയ രാജേശ്വരിയുടെ ചികിത്സയ്ക്കായി വലിയൊരു തുക മാസം തോറും ചെലവായി. ഇതിനിടെ സഹായിക്കാമെന്ന് വാഗ്ദാനം നൽകി ഒപ്പം കൂടിയ ചിലര്‍ പണം കൈക്കലാക്കിയെന്നും രാജേശ്വരി ആരോപിക്കുന്നു. ജിഷയുടെ മരണത്തിന് പിന്നാലെ സഹോദരി ദീപയ്ക്ക് സർക്കാര്‍ ജോലി കിട്ടിയിരുന്നു. ഇപ്പോള്‍ ദീപയ്ക്കൊപ്പമാണ് രാജേശ്വരി താമസിച്ചു വരുന്നത്.
അതേസമയം രാജേശ്വരിക്കായി സ്വരൂപിച്ച മുഴുവന്‍ തുകയും അവരുടെ ബാങ്ക് അകൗണ്ടിലേക്ക് കൈമാറിയിട്ടുണ്ടെന്നും പ്രതിമാസം അയ്യായിരം രൂപ വീതം പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നും എറണാകുളം കളക്ടറുടെ ഓഫീസ് വ്യക്തമാക്കി.
Comments
0 comment