Advertisement
Contact us to Advertise here
24 ടീമുകളുമായി തുടങ്ങിയ യൂറോ കപ്പ് 44 മത്സരങ്ങള്‍ പൂർത്തിയായപ്പോള്‍ എട്ട് ടീമുകളിലേക്ക് ചുരുങ്ങി. ടൂർണമെന്‍റില്‍ എല്ലാ കളിയും ജയിച്ച ഏക ടീമായ സ്പെയിൻ ആദ്യ ക്വാർട്ടറില്‍ വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 9.30 ന് ആതിഥേയരായ ജർമനിയെ നേരിടും.
സ്പെയിൻ പ്രീക്വാർട്ടറില്‍ നവാഗതരായ ജോർജിയയെ തകർത്തപ്പോള്‍ ഡെൻമാർക്കിനെ രണ്ട് ഗോളിന് മറികടന്നാണ് ജർമനിയെത്തുന്നത്. കിലിയൻ എംബാപ്പേയുടെ ഫ്രാൻസും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോർച്ചുഗലും വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 12.30 ന് നേർക്കുനേർ പോരാട്ടത്തിനിറങ്ങും. മത്സരശേഷം വമ്പൻ താരങ്ങളില്‍ ഒരാള്‍ക്ക് നാട്ടിലേക്ക് മടങ്ങാം. തന്‍റെ അവസാന യൂറോ കപ്പാണിതെന്ന് റൊമാള്‍ഡോ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഫ്രാൻസ് സെല്‍ഫ് ഗോളില്‍ ബെല്‍ജിയത്തിനോട് രക്ഷപ്പെട്ടപ്പോള്‍ സ്ലോവേനിയയോട് ഷൂട്ടൗട്ടില്‍ രക്ഷപ്പെട്ടാണ് പോർച്ചുഗലിന്‍റെ ക്വാർട്ടർ പ്രവേശം. സ്ലൊവേനിയക്കെതിരെ നിരവധി അവസരങ്ങള്‍ ലഭിച്ച ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ മത്സരത്തിനിടെ ലഭിച്ച പെനല്‍റ്റി കിക്ക് പാഴാക്കുകയും ചെയ്തിരുന്നു. എന്നാാല്‍ ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനായി ആദ്യ കിക്കെടുത്ത റൊണാള്‍ഡോ ലക്ഷ്യം കണ്ടു. കിലിയന്‍ എംബാപ്പെയാകട്ടെ ടൂര്‍ണമെന്‍റില്‍ ഇതുവരെ ഒരു ഗോള്‍ മാത്രമാണ് നേടിയത്.
ഇംഗ്ലണ്ട് ശനിയാഴ്ച രാത്രി 9.30 ന് സ്വിറ്റ്സർലൻഡുമായും നെതർലൻഡ്സ് രാത്രി 12.30 ന് തുർക്കിയുമായും ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യൻമാരായ ഇറ്റലിയെ രണ്ടു ഗോളിന് വീഴ്ത്തിയാണ് സ്വിറ്റ്സർലൻഡ് വരുന്നത്. ഇംഗ്ലണ്ട് നാടകീയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് സ്ലോവാക്യയെ മറികടന്നു. നെതർലൻഡ്സ് റുമാനിയയെ തകർത്തപ്പോള്‍ ഓസ്ട്രിയയെ പൊട്ടിച്ചാണ് തുർക്കിയുടെ വരവ്. ജൂലൈ ഒൻപതിനും പത്തിനുമാണ് സെമി പോരാട്ടങ്ങള്‍. ഫൈനല്‍ ജൂലൈ പതിനാലിനും.
Comments
0 comment